LiveTV

Live

Gulf

കുവൈത്തിൽ വിദേശികൾക്കും ലോൺ തിരിച്ചടവിനു സാവകാശം  

എല്ലാ ഉപഭോക്താക്കൾക്കും വായ്പാതിരിച്ചടവിനു ആറുമാസത്തെ സാവകാശം നൽകുമെന്ന് പ്രമുഖ ബാങ്കുകൾ  

 കുവൈത്തിൽ വിദേശികൾക്കും ലോൺ തിരിച്ചടവിനു സാവകാശം  

കുവൈത്തിൽ വിദേശികൾക്കും വായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം ലഭിക്കും. വിദേശികളുടെ വായ്പാ മൊറട്ടോറിയം സംബന്ധിച്ച്
ഓരോ കേസും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന കുവൈത്ത് ബാങ്കിങ് അസോസിയേഷന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് എല്ലാ ഉപഭോക്താക്കൾക്കും വായ്പാ തിരിച്ചടവിനു ആറുമാസത്തെ സാവകാശം അനുവദിച്ചതായി പ്രമുഖ ബാങ്കുകൾ അറിയിപ്പ് നൽകിയത്. ഗൾഫ് ബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് കുവൈത്ത് (CBK), നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് (NBK) കുവൈത്ത് ഫിനാൻസ് ഹൌസ് (KFH) അഹ്‍ലി ബാങ്ക് ഓഫ് കുവൈത്ത് (ABK) തുടങ്ങിയ ബാങ്കുകളാണ് നിലവിൽ ഇളവ് പ്രഖ്യാപിച്ചത്.

കുവൈത്ത് പൗരന്മാരുടെ വായ്പ തിരിച്ചടവിനു കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ കഴിഞ്ഞ ആഴ്ച ആറുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ബിദൂനി വിഭാഗത്തിനും , കുവൈത്തി വനിതകളുടെ വിദേശികളായ മക്കൾക്കും മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ശനിയാഴ്ച പ്രഖ്യാപനം വന്നു. വിദേശികളുടെ കാര്യത്തിൽ ഓരോ കേസും പ്രത്യേക പരിഗണിച്ചു തീരുമാനമെടുക്കും എന്നായിരുന്നു അസോസിയേഷൻ അറിയിച്ചത്

കോവിഡ് പ്രതിരോധ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം പ്രവാസികളിൽ നിരവധി പേർക്കാണ് വരുമാനം നിലച്ചത്. ഈ ഘട്ടത്തിൽ ലോൺ തിരിച്ചടവ് മുടങ്ങുമോ എന്ന ആശങ്കയിലായിരുന്നു വിവിധ ആവശ്യങ്ങൾക്കായി വായ്‌പ എടുത്തവർ. ഇത്തരക്കാർക്ക് വലിയ ആശ്വാസമായിരിക്കുകയാണ് ബാങ്കുകളുടെ പുതിയ തീരുമാനം. അതേസമയം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പ എടുത്തവർ ഇപ്പോഴും ആശങ്കയിൽ തന്നെയാണ്. ഇത്തരം ധനകാര്യ സ്ഥാപനങ്ങളൊന്നും ഇതുവരെ വായ്പാ തിരിച്ചടവ്‌ സംബന്ധിച്ച ഒരു അറിയിപ്പും ഉപഭോക്താക്കൾക്ക് നൽകിയിട്ടില്ല. സാധാരണക്കാരായ പ്രവാസികളിൽ വലിയൊരു വിഭാഗം ആശ്രയിക്കുന്നത് ഇത്തരം ധനകാര്യ സ്ഥാപനങ്ങളെയാണ്.