LiveTV

Live

Gulf

ഹോം ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചു; ഖത്തറില്‍ 10 പേര്‍  അറസ്റ്റില്‍

ക്വാറന്‍റൈന്‍ സമയത്ത് പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ പരാതി നല്‍കാനായി പുതിയ നമ്പറും മന്ത്രാലയം പുറത്തിറക്കി

ഹോം ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചു; ഖത്തറില്‍ 10 പേര്‍  അറസ്റ്റില്‍

ഹോം ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ച കുറ്റത്തിന് ഖത്തറില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തു. പത്ത് പേരും ഖത്തരി പൌരന്മാരാണ്. ക്വാറന്‍റൈന്‍ സമയത്ത് പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ പരാതി നല്‍കാനായി പുതിയ നമ്പറും പുറത്തിറക്കി.

പുറം രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് കുടുംബമായി വന്നവര്‍ക്ക് സര്‍ക്കാരിന്‍റെ ക്വാറന്‍റൈന്‍ സെന്‍ററുകളിലോ അല്ലെങ്കില്‍ വ്യക്തി താല്‍പ്പര്യം പരിഗണിച്ച് സ്വന്തം വീട്ടിലോ ക്വാറന്‍റൈനില്‍ കഴിയാം. എന്നാല്‍ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയണമെങ്കില്‍ പ്രത്യേക വ്യവസ്ഥകള്‍ ഉള്‍പ്പെട്ട പ്രതിജ്ഞാ പത്രം ഒപ്പിട്ടുനല്‍കണം. ഈ പ്രതിജ്ഞകള്‍ തെറ്റിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ എല്ലാവരും ഖത്തരി പൌരന്മാരാണ്. ഇവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു

സാംക്രമിക രോഗങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട നിയമം നമ്പര്‍ 11/1990, സാമൂഹ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമം നമ്പര്‍ 17/2002 എന്നിവ അനുസരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാണെന്നും, ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങി നടക്കുന്നുണ്ടെങ്കില്‍ വിവരമറിയിക്കാനായി ആഭ്യന്തര മന്ത്രാലയം പുതിയ നമ്പറും പുറത്തിറക്കി. 4457 9999 എന്ന നമ്പറിലാണ് വിളിച്ചറിയിക്കേണ്ടത്

വിവിധ ഹോട്ടലുകളിലോ വീടുകളിലോ ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കെതിരെ ഇത്തരത്തിലുള്ള പരാതികളുണ്ടെങ്കില്‍ അറിയിക്കാനാണ് നിര്‍ദേശം.