LiveTV

Live

Gulf

കോവിഡ് 19; യു.എ.ഇ യിൽ രണ്ടു മരണം

ഇതോടെ ഗൾഫ് മേഖലയിൽ കൊറോണ മരണം മൂന്ന് ആയി.

കോവിഡ് 19; യു.എ.ഇ യിൽ രണ്ടു മരണം

യു.എ.ഇയിൽ കോവിഡ് 19 രോഗം ബാധിച്ച രണ്ട് പേർ മരിച്ചു. ഇതോടെ ഗൾഫ് മേഖലയിൽ മരണം മൂന്നായി. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും രോഗവ്യാപനം തുടരുകയാണ്. മൂന്ന് രാജ്യങ്ങളിലായി ഇന്നലെ മാത്രം 91 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

യൂറോപ്പിൽ നിന്നെത്തിയ 78കാരനായ അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് യു.എ.ഇയില്‍ മരിച്ചത്. യു.എ.ഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് വിവരം വെളിപ്പെടുത്തിയത്. മറ്റു പല രോഗങ്ങളും കൊണ്ട് അവശത അനുഭവിച്ചു വരികയായിരുന്നു ഇരുവരും എന്നാണ് വിവരം. ബഹ്റൈനിൽ 65കാരി കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.

ജനുവരി 29നാണ് യു.എ.ഇയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. 12 ഇന്ത്യക്കാർ ഉൾപ്പെടെ രാജ്യത്ത് 140 പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 31 പേർ രോഗവിമുക്തി നേടി. യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയും അവധി പ്രഖ്യാപിച്ചും രോഗവ്യാപനം തടയാൻ ഊർജിതനീക്കം തുടരുന്ന ഘട്ടത്തിലും രോഗികളുടെ എണ്ണം ഉയരുകയാണ്.

സൗദിയിൽ 70 പേർക്കാണ് ഇന്നലെ മാത്രം രോഗം ഉറപ്പിച്ചത്. ഇതോടെ എണ്ണം 344 ആയി. കുവൈത്തിൽ 11 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ എണ്ണം 159ൽ എത്തി. ഗൾഫിൽ ഏറ്റവും കൂടുതൽ രോഗികളുള്ള ഖത്തറിൽ ഇന്നലെയും 10 പേർ പട്ടികയിൽ ഉൾപ്പെട്ടു. ഇതോടെ എണ്ണം 470 ആയി.

യു.എ.ഇയിലേക്ക് ജി.സി.സി പൗരൻമാർക്കും വിലക്ക് പ്രാബല്യത്തിൽ വന്നു. വിദേശ വിമാന കമ്പനികൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് നാളെ മുതലാണ്. പല കമ്പനികളും സർവീസുകൾ റദ്ദാക്കുന്ന സാഹചര്യവും ഉണ്ട്. കുവൈത്തിനും ഖത്തറിനും സൗദിക്കും പിന്നാലെ യു.എ.ഇയും കടുത്ത നടപടികളിലേക്ക് തന്നെയാണ് നീങ്ങുന്നത്.