LiveTV

Live

Gulf

എണ്ണവില തകർച്ച തുടരുന്നു; ഉൽപാദക രാജ്യങ്ങൾക്ക് ആശങ്ക 

സൗദി, റഷ്യ വിലയുദ്ധം തുടർന്നേക്കും

എണ്ണവില തകർച്ച തുടരുന്നു; ഉൽപാദക രാജ്യങ്ങൾക്ക് ആശങ്ക 

കോവിഡ് വ്യാപനത്തിനൊപ്പം എണ്ണവിപണിയിലെ വൻതകർച്ചയും ഗൾഫ് രാജ്യങ്ങളുടെ നടുവൊടിക്കുന്നു. പ്രധാന എണ്ണ ഉൽപാദകരായ റഷ്യയും സൗദി അറേബ്യയും വിലയുദ്ധം തുടരുന്ന സാഹചര്യവും വിപണിക്ക് തിരിച്ചടിയായി. എണ്ണവില ഇരുപത് ഡോളറിലേക്ക് കൂപ്പുകുത്തിയേക്കുമെന്ന മുന്നറിയിപ്പും സാമ്പത്തിക വിദഗ്ധർ നൽകുന്നുണ്ട്. ഗൾഫ് രാജ്യങ്ങളുടെ പ്രധാന വരുമാന മാർഗമായ എണ്ണക്ക് സാമാന്യം തരക്കേടില്ലാത്ത വില ലഭിച്ചു വന്ന സാഹചര്യമാണ് കൊറോണ മൂലം ഇല്ലാതായിരിക്കുന്നത്. ഏതാണ്ട് ബാരലിന് അറുപത് ഡോളറിൽ നിന്നും 28 ഡോളറായാണ് അസംസ്കൃത എണ്ണയുടെ കൂപ്പുകുത്തൽ. ചൈന ഉൾപ്പെടെ ലോക രാജ്യങ്ങളുടെ ഉൽപാദന വളർച്ച പിറകോട്ടടിച്ചതോടെ എണ്ണയുടെ ആവശ്യകതയിൽ ഗണ്യമായി കുറവ് സംഭവിച്ചു. ഉൽപാദനം കുറച്ച് വിപണിയിൽ വില സന്തുലിതത്വം കൊണ്ടു വന്ന ഒപെക് രാജ്യങ്ങൾക്കിടയിലെ ധാരണ തകർന്നത് വലിയ ആഘാതമായി.

ഒപെക് രാജ്യങ്ങൾ തന്നെയാണ് മൊത്തം എണ്ണയുടെ എൺപത് ശതമാനത്തിലേറെയും ഉൽപാദിപ്പിക്കുന്നത്. 12 ശതമാനം മാത്രമാണ് ഒപെക് ഇതര രാജ്യങ്ങളുടെ സംഭാവന. അടുത്ത മാസം മുതൽ പ്രതിദിന എണ്ണ ഉൽപാദനം വൻതോതിൽ ഉയർത്താനാണ് സൗദി അറേബ്യയുടെ നീക്കം. ഉൽപാദനം കുറക്കണമെന്ന സൗദിയുടെ അഭ്യർഥന റഷ്യ തള്ളിയ സാഹചര്യത്തിലാണ് ഈ നീക്കം. വിപണിയിൽ വില ഉയരാത്ത സാഹചര്യവും എണ്ണയുടെ ആവശ്യകതയിൽ ഉണ്ടായ കുറവും നീണ്ടു നിന്നാൽ ഗൾഫ് സമ്പദ് ഘടനക്ക് വലിയ ക്ഷീണം ചെയ്യും. എണ്ണ സമ്പദ് ഘടനയെ ആശ്രയിച്ചു നിൽക്കുന്നതിനാൽ ഗൾഫ് ഓഹരി വിപണികളിലും വലിയ തിരിച്ചടികളാണ് നേരിടുന്നത്.