LiveTV

Live

Gulf

കോവിഡ്19; ഖത്തറില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രവേശന വിലക്ക് 

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഖത്തര്‍ പ്രഖ്യാപിച്ച മുഴുവന്‍ രാജ്യക്കാര്‍ക്കുമുള്ള പ്രവേശന വിലക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും

കോവിഡ്19; ഖത്തറില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രവേശന വിലക്ക് 

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഖത്തര്‍ പ്രഖ്യാപിച്ച മുഴുവന്‍ രാജ്യക്കാര്‍ക്കുമുള്ള പ്രവേശന വിലക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ട്രാന്‍സിറ്റ്, കാര്‍ഗോ സര്‍വീസുകളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ടാഴ്ച്ചത്തേക്കാണ് നിയന്ത്രണം. കോവിഡ് രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി എല്ലാ രാജ്യക്കാര്‍ക്കും ദോഹയിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് യാത്രാവിലക്ക്.

കാര്‍ഗോ സര്‍വീസുകള്‍ക്കും മറ്റ് രാജ്യങ്ങളിലേക്ക് ദോഹ വഴി പോകുന്ന ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും ദോഹയിലിറങ്ങാം. പക്ഷെ ഖത്തര്‍ പൌരന്മാര്‍ക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കൂ. അതെ സമയം ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് നടത്തുന്ന സര്‍വീസുകള്‍ക്ക് മുടക്കമുണ്ടാവില്ല. നിലവില്‍ ഖത്തറിലുള്ള ഇന്ത്യന്‍ പൌരന്മാര്‍ക്ക് നാട്ടിലേക്ക് പോകാന്‍ ഈ സര്‍വീസിനെ ആശ്രയിക്കാം. ഇന്ത്യക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന മസ്കറ്റ് വഴിയുള്ള ട്രാന്‍സിറ്റ് സര്‍വീസായ ഒമാന്‍ എയറും താല്‍ക്കാലികമായി സര്‍വീസ് അവസാനിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള ട്രാന്‍സിറ്റ് സര്‍വീസുകള്‍ക്ക് മുടക്കമില്ല. നേരത്തെ ഇന്ത്യയുള്‍പ്പെടെ പതിനാല് രാജ്യക്കാര്‍ക്ക് മാത്രമാണ് ഖത്തര്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് ക്രമാതീതമായി കൂടിയതോടെയാണ് വിലക്ക് എല്ലാ രാജ്യക്കാര്‍ക്കുമായി വിപുലീകരിച്ചത്.