LiveTV

Live

Gulf

ഖത്തറില്‍ 64 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കൂടുതൽ നിയന്ത്രണ നടപടികളുമായി ഗൾഫ്

ചൊവ്വാഴ്ചയോടെ യു.എ.ഇ എല്ലാവിധ വിസകളും നൽകുന്നത് നിർത്തും.

ഖത്തറില്‍ 64 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കൂടുതൽ നിയന്ത്രണ നടപടികളുമായി ഗൾഫ്

സൗദി ഒഴികെയുള്ള അഞ്ച് ഗൾഫ് രാജ്യങ്ങളിലായി 89 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ കൂടുതൽ നിയന്ത്രണ നടപടികളുമായി ഗൾഫ് രാജ്യങ്ങൾ. മറ്റന്നാൾ മുതൽ യു.എ.ഇയിൽ വിസാവിലക്ക് പ്രാബല്യത്തിൽ വരും. ഒമാനിൽ വിസാ നിരോധം നടപ്പായി. സൗദിയിൽ മുഴുവന്‍ മാളുകളും അടക്കാന്‍ നിര്‍ദേശം നല്‍കി.

ഖത്തറിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 64 പ്രവാസികൾക്ക് കൂടി രോഗം ഉറപ്പിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 401ൽ എത്തി. യു.എ.ഇയിൽ പുതുതായി 4 ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 98 ആയി.

നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഇന്ത്യക്കാരനാണ് ഇതിൽ ഒരാൾ. ഇറാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. രോഗികളിൽ 10 പേർ ഇന്ത്യക്കാരാണ്. 23 പേർ ഇതിനകം രോഗവിമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കുവൈത്തിൽ ഇന്ന് 8 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. എല്ലാവരും സ്വദേശികളാണ്. കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണം 112 ആയി. ഒമാനിൽ രണ്ടും ബഹ്റൈനിൽ രണ്ടും പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സൗദിയില്‍ നിന്ന് പുതിയ കേസുകെളാന്നും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് 19 പശ്ചാത്തലത്തില്‍ സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ രാജ്യത്ത് ഇറങ്ങുന്നവരെല്ലാം വീടുകളില്‍ നിരീക്ഷണത്തിൽ പാർക്കണമെന്നും ഇവര്‍ക്ക് ലീവ് അനുവദിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി ഉൾപ്പെടെ പ്രധാന ഗൾഫ് രാജ്യങ്ങളിലൊക്കെയും പൊതുപരിപാടികളും മറ്റും വിലക്കി. സൗദിയിലെ എല്ലാ ഷോപ്പിങ്ങ് മാളുകളും അകത്തെ ഭക്ഷണശാലകളും അടക്കും. അവശ്യവസ്തുക്കൾ ലഭ്യമാകുന്ന ഹൈപ്പർ മാർക്കറ്റുകൾക്ക് തുറക്കാൻ അനുമതിയുണ്ട്.

പുതുതായി നാല് രാജ്യങ്ങളിലേക്ക് കൂടി യാത്രാവിലക്ക് ഏർപ്പെടുത്താൻ യു.എ.ഇ തീരുമാനം കൈക്കൊണ്ടു. തുർക്കി, ലബനാൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും റദ്ദാക്കി. ചൊവ്വാഴ്ചയോടെ യു.എ.ഇ എല്ലാവിധ വിസകളും നൽകുന്നത് നിർത്തും. എന്നാൽ ദുബൈ എയർപോർട്ട് അടച്ചിടുമെന്ന വാർത്ത അധികൃതർ നിഷേധിച്ചു.

അമേരിക്ക ഉൾപ്പെടെ നാൽപതിലേറെ രാജ്യക്കാർക്കുള്ള വിസ ഓൺ അറൈവൽ സംവിധാനം തുടർന്നും ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. അബൂദബിയിലെ ഗ്രാൻഡ് മോസ്ക്, വിനോദ കേന്ദ്രങ്ങൾ, തിയറ്ററുകൾ എന്നിവക്കു പുറമെ ദുബൈ ഗ്ലോബൽ വില്ലേജ്, പാർക്കുകൾ, നിശാക്ലബുകൾ, ജിംനേഷ്യം കേന്ദ്രങ്ങൾ, മസാജ് പാർലറുകൾ എന്നിവയും അടച്ചു.

വിമാന സർവീസുകൾ പൂർണമായി നിർത്തി വെച്ച കുവൈത്തിൽ കടകളും മാളുകളും ബാർബർ ഷാപ്പുകളും അടച്ചു. സപ്ലൈകോ സ്റ്റോർ, കോപറേറ്റീവ് സ്റ്റോർ എന്നിവ തുറന്നു പ്രവർത്തിക്കുന്നുണ്ട്. കോഫി ഷോപ്പുകളിൽ ഒരേ സമയം അഞ്ചിൽ കൂടുതൽ ഉപഭോക്താക്കളെ പ്രവേശിപ്പിക്കരുതെന്നാണ് നിർദേശം. ഒമാനിലും കർശന നിയന്ത്രണം ഏർപ്പെടുത്തി.