LiveTV

Live

Gulf

ഗൾഫിൽ 123 പേർക്ക് കൂടി കോവിഡ് 19; സ്വദേശികളും വിദേശികളുമായ മുതിർന്ന പൗരൻമാർ വീടിന് വെളിയിൽ ഇറങ്ങരുതെന്ന് യു.എ.ഇ

ഖത്തറിൽ 58 പേർക്കാണ് ഇന്നലെ രോഗം ഉറപ്പിച്ചത്. സൗദി അറേബ്യയിൽ ഇന്നലെ 41 പേർക്ക് പുതുതായി രോഗം കണ്ടെത്തി. ബഹ്റെനിൽ 4 പേർക്ക് കൂടി രോഗം ഉറപ്പിച്ചതോടെ എണ്ണം 83 ആയി

ഗൾഫിൽ 123 പേർക്ക് കൂടി കോവിഡ് 19; സ്വദേശികളും വിദേശികളുമായ മുതിർന്ന പൗരൻമാർ വീടിന് വെളിയിൽ ഇറങ്ങരുതെന്ന് യു.എ.ഇ

ഗൾഫ് മേഖലയിൽ കോവിഡ് 19 രോഗികളുടെ എണ്ണം ഉയർന്നിരിക്കെ, കുവൈത്തിൽ സമ്പൂർണ യാത്രാവിലക്ക് പ്രാബല്യത്തിൽ. മുപ്പതിലേറെ രാജ്യങ്ങളിലേക്ക് ഏർപ്പെടുത്തുന്ന യാത്രാവിലക്കിന്റെ മുന്നോടിയായി പ്രവാസികൾക്ക് സൗദിയിൽ തിരിച്ചെത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കും. കുവൈത്ത് പള്ളികളിൽ ജമാഅത്ത്, ജുമുഅഃ നമസ്കാരങ്ങൾ ഒഴിവാക്കിയതുൾപ്പെടെ അസാധാരണ മുൻകരുതൽ നടപടികളാണ് സ്വീകരിച്ചു വരുന്നത്.

ചില ഗൾഫ് രാജ്യങ്ങളിൽ രോഗം അതിവേഗതയിൽ പടരുകയാണ്. ഇന്നലെ മാത്രം 123 പേർക്കാണ് ഗൾഫിൽ രോഗം സ്ഥിരീകരിച്ചത്. ഖത്തറിൽ 58 പേർക്കാണ് ഇന്നലെ രോഗം ഉറപ്പിച്ചത്. ഇതോടെ ഖത്തറിൽ രോഗികളുടെ എണ്ണം 320 ആയി. ഇവരിൽ 308 ഉം പ്രവാസികളാണ്. സൗദി അറേബ്യയിൽ ഇന്നലെ 41 പേർക്ക് പുതുതായി രോഗം കണ്ടെത്തി. ഇതോടെ രോഗബാധിതരുടെ എണ്ണം 86 ആയി. ഇതിൽ 47 പേർ മക്കയിലാണ് ചികിത്സയിലുള്ളത്. ബഹ്റെനിൽ 4 പേർക്ക് കൂടി രോഗം ഉറപ്പിച്ചതോടെ എണ്ണം 83 ആയി. യു.എ.ഇയിലും ഒമാനിലും ഇന്നലെ പുതിയ കേസുകളാന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കുവൈത്തിൽ ഇന്നലെ അർധരാത്രിയോടെ രാജ്യത്തേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിലച്ചു. വാണിജ്യ സർവീസുകൾ അനിശ്ചിത കാലത്തേക്കാണ് നിർത്തിയത്. വിസാ നടപടികൾ തടയുകയും ആളുകൾ ഒത്തുചേരുന്ന കേന്ദ്രങ്ങൾ അടച്ചിടുകയും ചെയ്തേതാടെ തീർത്തും നിശ്ചലമായി മാറിയിരിക്കുകയാണ് കുവൈത്ത്. സൗദിയിൽ ഇന്ത്യ ഉൾപ്പെടെ മുപ്പതിലേറെ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് നിർത്തി വെക്കാനിരിക്കെ, സന്ദർശക വിസകളും നാട്ടിൽ പോയ പ്രവാസികളുടെ റീ എൻട്രി വിസകളും പുതുക്കി നൽകാൻ സൗകര്യമൊരുക്കുമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു.

കൊറോണ പടരുന്ന സാഹചര്യത്തിൽ ബഹ്റൈനിൽ 901 തടവുകാരെ മാപ്പ് നൽകി വിട്ടയക്കും. സ്വദേശികളും വിദേശികളുമായ മുതിർന്ന പൗരൻമാർ വീടിന് വെളിയിൽ ഇറങ്ങരുതെന്ന് യു.എ.ഇ അഭ്യർഥിച്ചു. ബഹ്റൈൻ ഫോർമുല വൺ കാറോട്ട മൽസരം ഉൾപ്പെടെ എണ്ണമറ്റ പരിപാടികൾ മാറ്റി. ഷാർജയിൽ കൂടുതൽ പേർ ഒത്തുചേരുന്ന എല്ലാ പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തി.

സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ച് തൊഴിൽ, വാണിജ്യ രംഗത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രനീക്കവും ഗൾഫ് രാജ്യങ്ങൾ ആരംഭിച്ചിട്ടുണ്ട്.