LiveTV

Live

Gulf

കോവിഡ് 19; കുവൈത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്ന് അർധരാത്രിയോടെ നിർത്തി വയ്ക്കും

ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ ഇവിടങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറിൽ വരാൻ കഴിയില്ല

 കോവിഡ് 19; കുവൈത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്ന് അർധരാത്രിയോടെ നിർത്തി വയ്ക്കും

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കുവൈത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്ന് അർധരാത്രിയോടെ നിർത്തി വയ്ക്കും. ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ ഇവിടങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറില്‍ വരാൻ കഴിയില്ല. സൗദിയിൽ 17 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇന്ന് അർധരാത്രിയോടെ സമ്പൂർണ യാത്രാവിലക്കാണ് കുവൈത്തിൽ നടപ്പാവുക. രണ്ടാഴ്ച പൊതു അവധി നൽകിയും റസ്റ്റോറന്റുകൾ ഉൾപ്പെടെ എല്ലാം അടച്ചിട്ടും കോവിഡ് വ്യാപനം തടയാനുള്ള ഊർജ്ജിത നീക്കത്തിലാണ് കുവൈത്ത്. ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ടോ ട്രാൻസിറ്റായോ ഖത്തറിൽ ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ. ഈ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും തടഞ്ഞിരിക്കുകയാണ്.

ദുബൈയിൽ കോവിഡ് 19 മൂലമുള്ള സാമ്പത്തിക ആഘാതം കുറക്കാൻ മൂന്ന് മാസത്തേക്ക് 150 കോടി ദിർഹത്തിന്റെ അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. വൈദ്യുതി, വെള്ളം നിരക്കുകൾ വെട്ടിക്കുറക്കുന്നതും പദ്ധതിയിൽ ഉൾപ്പെടും. രോഗം പടരുന്ന സാഹചര്യത്തിൽ ഒരു മാസക്കാലം വിസാ നടപടികൾ നിർത്തി വയ്ക്കാൻ ഒമാൻ ഭരണകൂടവും തീരുമാനിച്ചു.

സൗദിയിൽ പുതുതായി 17 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മൊത്തം രോഗികളുടെ എണ്ണം 62 ആയി. ഇതിൽ മക്കയിലാണ് 32 കേസുകൾ. യു.എ.ഇയിൽ 85 ഉം കുവൈത്തിൽ 80 ഉം ഖത്തറിൽ 262 ഉം ബഹ്റെനിൽ 83 ഉം കൊറോണ രോഗികളാണ് നിലവിലുള്ളത്.

ബഹ്റൈനിൽ രണ്ട് മലയാളി നഴ്സുമാർക്ക് രോഗം പിടിപെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്. സൗദിയിൽ സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളും മാറ്റി വെച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് പരീക്ഷ മാറ്റിയത്.