LiveTV

Live

Gulf

കോവിഡ് 19: യാത്രക്കാരില്ല; വിമാനങ്ങൾ റദ്ദാക്കുന്നു

കൊച്ചി, മംഗളൂരു, പൂനെ സെക്ടറുകളിൽ ചില ദിവസങ്ങളിലെ സർവീസുകൾ റദ്ദാക്കി

കോവിഡ് 19: യാത്രക്കാരില്ല; വിമാനങ്ങൾ റദ്ദാക്കുന്നു

കോവിഡ് 19 ആശങ്കമൂലം പ്രവാസികൾ യാത്ര ചെയ്യാൻ മടിക്കുന്നത് വിമാന കമ്പനികൾക്ക് വൻതിരിച്ചടിയായി. യാത്രക്കാരുടെ ക്ഷാമം കാരണം പല വിമാന സർവീസുകളും റദ്ദാക്കുകയാണ്. ഇന്ത്യൻ സെക്ടറിലാണ് ഈ പ്രവണത കൂടുതൽ.

സാധാരണ ഗതിയിൽ നല്ല തിരക്കനുഭവപ്പെടേണ്ട ഒരു സീസണിൽ ആളില്ലാതെ പറക്കേണ്ട അവസ്ഥയാണ് മിക്ക വിമാന കമ്പനികളും അഭിമുഖീകരിക്കുന്നത്. യാത്രക്കാരുടെ കുറവ് കാരണം നിരവധി വിമാന സർവീസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയത്.

എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഷാർജ, ദുബൈ സെക്ടറുകളെ കോവിഡ് 19 ശരിക്കും ബാധിച്ചു. കൊച്ചി, മംഗളൂരു, പൂനെ സെക്ടറുകളിൽ ചില ദിവസങ്ങളിലെ സർവീസുകൾ റദ്ദാക്കി.

റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പുതിയ തീയതിക്ക് ബദൽ സംവിധാനം ഒരുക്കും. ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവെക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചത് പ്രകാരം പ്രവാസികൾ നാട്ടിലേക്ക് പോകാൻ മടിക്കുകയാണ്. കോവിഡ് ഭീതി നീണ്ടാൽ വിമാന കമ്പനികൾക്ക് വലിയ ആഘാതം തന്നെയാവും സംഭവിക്കുക. രോഗബാധിത രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചതും മറ്റൊരു തിരിച്ചടിയാണ്.

മാർച്ച് 18, 20, 24, 25, 27 തീയതികളിൽ ദുബൈയിൽനിന്ന് രാത്രി 9.10ന് പൂനെയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും 19, 21, 24, 26, 28 തീയതികളിൽ പൂനെയിൽനിന്ന് പുലർച്ചെ ദുബൈയിലേക്കുള്ള വിമാനവും റദ്ദാക്കിയതായി അധികൃതർ വെളിപ്പെടുത്തി.