LiveTV

Live

Gulf

കോവിഡ് 19; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 1.5 ശതകോടി ദിര്‍ഹമിന്റെ പദ്ധതി പ്രഖ്യാപിച്ച് ദുബൈ 

കോവിഡ് 19; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 1.5 ശതകോടി ദിര്‍ഹമിന്റെ പദ്ധതി പ്രഖ്യാപിച്ച് ദുബൈ 

കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ദുബൈ സര്‍ക്കാര്‍ 1.5 ശതകോടി ദിര്‍ഹമിന്റെ ആശ്വാസപദ്ധതി പ്രഖ്യാപിച്ചു. പ്രവാസികള്‍ ഉള്‍പ്പെടെ ദുബൈ നിവാസികള്‍ക്ക് വൈദ്യുതി, വെള്ളം ചാര്‍ജില്‍ 10 ശതമാനം ഇളവ് നല്‍കും. അടുത്ത മൂന്ന് മാസത്തേക്കാണ് ആശ്വാസപദ്ധതി.

ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍മഖ്തൂമാണ് കോവിഡ് 19 പ്രതിസന്ധി മറികടക്കാന്‍ ആശ്വാസ പദ്ധതി പ്രഖ്യാപിച്ചത്. വാണിജ്യം, റീട്ടെയില്‍, കയറ്റുമതി, ടൂറിസം, ഊര്‍ജം എന്നീ മേഖലകള്‍ക്ക് ആശ്വാസം പകരുന്ന 15 ഇളവുകള്‍ ഉള്‍കൊള്ളുന്നതാണ് പദ്ധതി. പ്രവാസികള്‍ ഉള്‍പ്പെടെ ദുബൈയില്‍ താമസിക്കുന്നവര്‍ക്ക് അടുത്ത മൂന്നുമാസം ദേവ ബില്ലില്‍ പത്ത് ശതമാനം ഇളവ് നല്‍കും.

താമസിക്കുന്ന കെട്ടിടത്തിലെ ബില്ലിനും, വാണിജ്യസ്ഥാപനങ്ങളുടെ ബില്ലിനും ഈ ഇളവുണ്ടാകും. പുതിയ കണക്ഷനായി കെട്ടിവെക്കേണ്ട തുകയില്‍ 50 ശതമാനം ഇളവ് നല്‍കും. വാണിജ്യമേഖലക്ക് ഒമ്പത് ഇളവുകളുണ്ട്. മാര്‍ക്കറ്റ് ഫീസില്‍ രണ്ടര ശതമാനം ഇളവ്, കസ്റ്റംസ് ഫീസില്‍ 20 ശതമാനം ഇളവ് എന്നിവ ഇതില്‍ ഉള്‍പ്പെടും.

കസ്റ്റംസ് ക്ലിയറന്‍സ് സേവനം നല്‍കുന്ന സ്ഥാപനങ്ങള്‍ 50,000 ദിര്‍ഹം ബാങ്ക് ഗ്യാരണ്ടി നല്‍കണം എന്നത് റദ്ദാക്കും. നിലവിലെ സ്ഥാപനങ്ങള്‍ക്ക് ഈ തുക തിരിച്ചുനല്‍കും. കസ്റ്റംസ് രേഖകള്‍ നല്‍കുന്നതിന് ഈടാക്കുന്ന ഫീസ് 90 ശതമാനം കുറക്കും. ടൂറിസമേഖലയില്‍ ഹോട്ടലുകളും മറ്റും നഗരസഭക്ക് നല്‍കേണ്ട സെയില്‍സ് ഫീസ് ഏഴ് ശതമാനത്തില്‍ നിന്ന് മൂന്നര ശതമാനമാക്കി കുറക്കും.

പരിപാടികള്‍ റദ്ദാക്കുന്നതിനും മാറ്റിവെക്കുന്നതിനും ഈടാക്കുന്ന തുക ഈവര്‍ഷം ഉണ്ടാവില്ല. ടിക്കറ്റ് വില്‍പനക്ക് ഈടാക്കുന്ന തുകയും പരിപാടികളുടെ അനുമതിക്കായി ഈടാക്കുന്ന ഫീസും സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചു.