LiveTV

Live

Gulf

ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യയിൽ കോവിഡ് വ്യാപിക്കുന്നു; നിയന്ത്രണം കടുപ്പിച്ച് രാജ്യങ്ങൾ

അർധരാത്രിയോടെ കുവൈത്ത് സമ്പൂർണ യാത്രാവിലക്കിലേക്ക് നീങ്ങുകയാണ്

ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യയിൽ കോവിഡ് വ്യാപിക്കുന്നു; നിയന്ത്രണം കടുപ്പിച്ച് രാജ്യങ്ങൾ

ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യയിൽ മഹാമാരി വ്യാപിക്കുന്നു. ഇറാനിൽ മരണം 514 ആയി. ഇന്നു മാത്രം ആയിരം പേർക്കാണ് ഇറാനിൽ രോഗം സ്ഥിരീകരിച്ചത്. ഗൾഫ് മേഖലയിൽ പുതുതായി 41 പേർക്ക് കൂടി രോഗം ഉറപ്പായി. അർധരാത്രിയോടെ കുവൈത്ത് സമ്പൂർണ യാത്രാവിലക്കിലേക്ക് നീങ്ങുകയാണ്. മറ്റ് ഗൾഫ് രാജ്യങ്ങളും മുൻകരുതൽ നടപടികൾ ഊർജിതമാക്കി.

ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ പേരിലേക്ക് രോഗം പടരുകയാണ്. കുവൈത്തിൽ 20 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കേസുകളുടെ എണ്ണം 100 ആയി. ഇവരിൽ നാലുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 847 പേർ വിവിധ ക്യാമ്പുകളിൽ നിരീക്ഷണത്തിലാണ്.

സൗദിയിൽ പുതുതായി 17 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മൊത്തം രോഗികളുടെ എണ്ണം 62 ആയി. ഇതിൽ മക്കയിലാണ് 32 കേസുകൾ. ബഹ്റെനിൽ 4 പേർക്ക് കൂടി രോഗം ഉറപ്പിച്ചതോടെ എണ്ണം 83 ആയി. യു.എ.ഇയിലും ഒമാനിലും ഖത്തറിലും ഇന്ന് പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.

രോഗത്തെ ചെറുക്കാൻ മുൻകരുതൽ നടപടി ഏറ്റവും ശക്തമാക്കിയ രാജ്യം കുവൈത്താണ്. രാത്രി കുവൈത്തിൽ നിന്നുള്ള വിമാന സർവീസുകൾ പൂർണമായും നിർത്തി വെക്കും. പള്ളികളിൽ ജുമുഅ, ജമാഅത്ത് നമസ്കാരങ്ങൾ മാറ്റിവെക്കാൻ നിർദേശിച്ചു. പൊതു പാർക്കുകളും ഗാർഡനുകളും അടച്ചിടും.

ബഹ്റൈനിൽ 901 തടവുകാർക്ക് ഭരണകൂടം മാപ്പ് നൽകി വിട്ടയക്കാൻ തീരുമാനിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ചാണിത്. വിട്ടയക്കപ്പെടുന്ന വിദേശികളായ തടവുകാർ ശേഷിക്കുന്ന ശിക്ഷാ കാലാവധി അവരുടെ രാജ്യത്ത് അനുഭവിക്കണം. യു.എ.ഇ ഉൾപ്പെടെ മിക്ക ഗൾഫ് രാജ്യങ്ങളിലും മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി.

ദുബൈയിൽ കോവിഡ് 19 മൂലമുള്ള സാമ്പത്തിക ആഘാതം കുറക്കാൻ മൂന്ന് മാസത്തേക്ക് 150 കോടി ദിർഹത്തിന്‍റെ അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. വൈദ്യുതി, വെള്ളം നിരക്കുകൾ വെട്ടിക്കുറക്കുന്നതും പദ്ധതിയിൽ ഉൾപ്പെടും. രോഗം പടരുന്ന സാഹചര്യത്തിൽ ഒരു മാസക്കാലം വിസാ നടപടികൾ നിർത്തിവെക്കാൻ ഒമാൻ ഭരണകൂടവും തീരുമാനിച്ചു.