LiveTV

Live

Gulf

കൊവിഡ് 19; യാത്രാ നിയന്ത്രണം ശക്തമാക്കി സൗദിയും കുവൈത്തും ഖത്തറും

കുവൈത്തിൽ എട്ട് പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗികളുടെ എണ്ണം 80 ആയി ഉയർന്നു

കൊവിഡ് 19; യാത്രാ നിയന്ത്രണം ശക്തമാക്കി സൗദിയും കുവൈത്തും ഖത്തറും

ലോകാരോഗ്യ സംഘടന കോവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിക്കുകയും ഗൾഫ് മേഖലയിൽ രോഗം പടരുകയും ചെയ്ത സാഹചര്യത്തിൽ യാത്രാ നിയന്ത്രണം ശക്തമാക്കി സൗദിയും കുവൈത്തും ഖത്തറും. യു.എ.ഇ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിലായി ഇന്ന് 46 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിൽ രോഗികളുടെ എണ്ണം പതിനായിരം കടന്നു.

കോവിഡ് വ്യാപനത്തോടെ തീർത്തും അസാധാരണ മുൻകരുതൽ നടപടികളുടെ പാതയിലാണ് ചില ഗൾഫ് രാജ്യങ്ങൾ. എല്ലാ വിമാന സർവീസുകളും നാളെ അർധരാത്രിയോടെ നിർത്തി വെച്ചും രണ്ടാഴ്ചക്കാലം അവധി പ്രഖ്യാപിച്ചും രോഗത്തെ ചെറുക്കാനുള്ള നീക്കത്തിലാണ് കുവൈത്ത്. ഇന്ത്യ ഉൾപ്പെടെ ഏതാണ്ട് മുപ്പതിലേറെ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തി വെക്കാൻ സൗദി അറേബ്യയും തീരുമാനിച്ചു. ആളുകൾക്ക് നാട്ടിലേക്ക് തിരിച്ച് മടങ്ങാൻ മൂന്ന് ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്.

സൗദിയിൽ പുതുതായി 24 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മക്കയിലാണ് 21 കേസുകൾ റിപ്പോർട്ട് ചെയ്തത്. കിഴക്കൻ പ്രവിശ്യയിൽ മൂന്നു പേരും. ഇതോടെ സൗദിയിൽ കോവിഡ് 19 രോഗികളുടെ എണ്ണം 45 ആയി. യു.എ.ഇയിൽ ഇന്ന് 11 പേർക്ക് കൂടി രോഗം ഉറപ്പാക്കിയതോടെ മൊത്തം രോഗികളുടെ എണ്ണം 85 ആയി. ഇവരിൽ ഇന്ത്യക്കാരായി ആരും തന്നെയില്ല. ബഹ്റൈനിൽ രണ്ട് മലയാളി നഴ്സുമാർക്ക് രോഗം പിടിപെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കുവൈത്തിൽ എട്ട് പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗികളുടെ എണ്ണം 80 ആയി ഉയർന്നു. ഇന്നലെ മാത്രം 238 പേർക്ക് രോഗം സ്ഥിരീകരിച്ച ഖത്തറിൽ ഇന്ന് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 262 ആണ് ഖത്തറിലെ രോഗികളുടെ എണ്ണം. രോഗം പടരുന്ന സാഹചര്യം മുൻനിർത്തി ഒരു മാസക്കാലം വിസാവിലക്ക് ഏർപ്പെടുത്താൻ ഒമാൻ തീരുമാനിച്ചു.

മുൻകരുതൽ നടപടികളുടെ ഭാഗമായി യു.എ.ഇ പൗരൻമാർ ഇന്ത്യയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ഇന്ത്യൻ സർക്കാർ വിസ നിയന്ത്രണം ഏർപെടുത്തിയ പശ്ചാത്തലത്തിലാണ് നിർദേശം. ഇക്കാര്യം ഉന്നയിച്ച് ഇന്ത്യയിലെ യു.എ.ഇ എംബസിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. രോഗം പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണ് ഗൾഫ് രാജ്യങ്ങൾ. ആളുകൾ വലിയ തോതിൽ ഒത്തുചേരുന്ന കേന്ദ്രങ്ങളിൽ കൂടുതൽ കടുത്ത നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം.