LiveTV

Live

Gulf

അവശ്യഭക്ഷണ സാധനങ്ങള്‍ക്ക് യാതൊരു ക്ഷാമവുമുണ്ടാവില്ലെന്ന് ഖത്തര്‍

കോവിഡ്-19 ബാധ ഭക്ഷണ വിതരണ ശൃംഖലയെ ബാധിക്കില്ലെന്നും ജനം പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.

അവശ്യഭക്ഷണ സാധനങ്ങള്‍ക്ക് യാതൊരു ക്ഷാമവുമുണ്ടാവില്ലെന്ന് ഖത്തര്‍

ഖത്തറില്‍ അവശ്യഭക്ഷണ സാധനങ്ങള്‍ക്ക് യാതൊരു ക്ഷാമവുമുണ്ടാവില്ലെന്ന് വാണിജ്യമന്ത്രാലയം ഉറപ്പ് നല്‍കി. കോവിഡ്-19 ബാധ ഭക്ഷണ വിതരണ ശൃംഖലയെ ബാധിക്കില്ലെന്നും ജനം പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. രാജ്യത്ത് കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മാളുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ജനം വന്‍തോതില്‍ ഇരച്ചുകയറി അവശ്യവസ്തുക്കള്‍ മേടിച്ചുകൂട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വാണിജ്യമന്ത്രാലയത്തിന്‍റെ പ്രതികരണം.

രാജ്യത്തേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണ ശൃംഖലയെ കോവിഡ്-19 ബാധ ഒരു തരത്തിലും ബാധിക്കില്ലെന്ന് വാണിജ്യമന്ത്രാലയത്തിലെ വിതരണ വിഭാഗം അണ്ടര്‍ സെക്രട്ടറി അബ്ദുള്ള അല്‍ ഖലീഫ അല്‍ കുവാരി അറിയിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് രാജ്യത്തെ സെന്‍ട്രല്‍ മാര്‍ക്കറ്റ് അടച്ചിട്ടത്. എന്നാല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, മാളുകള്‍, ഗ്രോസറികള്‍ തുടങ്ങിയവയിലെല്ലാം അവശ്യവസ്തുക്കളുടെ സ്റ്റോക്കുണ്ട്. കുറവ് വരുന്ന ഏത് വസ്തുക്കളും 48 മണിക്കൂറിനകം റീ ഫില്‍ ചെയ്യാന്‍ തക്ക രീതിയിലുള്ള സംവിധാനം രാജ്യത്തിനുണ്ട്.

ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയ്ക്കായി മുമ്പ് ഒന്നോ രണ്ടോ രാജ്യങ്ങളെ മാത്രമാണ് രാജ്യം ഖത്തര്‍ ആശ്രയിച്ചിരുന്നതെങ്കില്‍ ഇന്ന് എല്ലാ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതിയുണ്ട്. രാജ്യത്തെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളിലും ആവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനായി പ്രത്യേക നിരീക്ഷണ സംഘത്തെയും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് രാജ്യങ്ങളിലെ വിതരണ കമ്പനികളുമായി പുതിയ ധാരണയിലെത്തിയിട്ടുണ്ടെന്നും ആശങ്കപ്പേടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും കഴിഞ്ഞ ദിവസം ഹസ്സാദ് ഫുഡ്സ് സി.ഇ.ഒ മുഹമ്മദ് അല്‍ സദാഹും വ്യക്തമാക്കിയിരുന്നു