LiveTV

Live

Gulf

കോവിഡ് 19: നിയന്ത്രണം കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ  

 കോവിഡ് 19: നിയന്ത്രണം കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ  

കൂടുതൽ പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മാത്രം 48 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ചുരുക്കം ചിലരൊഴികെ എല്ലാവരുടെയും നില തൃപ്തികരമാണ്. യു.എ.ഇയിൽ 14 പേർക്ക് കൂടിയാണ് കോവിഡ് 19 സഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 59 ആയി ഉയർന്നു.

ബഹ്റൈനാണ് ഗൾഫിൽ ഏറ്റവും കൂടുതൽ കോവിഡ് 19 രോഗികളുള്ള രാജ്യം. പുതുതായി 24 പേർക്കാണ് ബഹ്റൈനിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ 95 പേരാണ് ചികിൽസയിലുള്ളതെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി. സൗദിയിൽ പുതുതായി നാലു പേർക്ക് കൂടിയാണ് പുതുതായി രോഗം സ്ഥീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 15 ആയി.

ഇന്നു മൂന്ന് പേർക്ക് കൂടിയാണ് ഖത്തറിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 18 ആയി. ഖത്തറിൽ ഇന്നലെയും ഇന്നുമായി രോഗം സ്ഥിരീകരിച്ച ആറു പേരും വിദേശികളാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നു പേരും ഹൈപർ മാർക്കറ്റ് ജീവനക്കാരാണ്. ഒമാനിൽ രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 18 ആയി. കുവൈത്തിൽ ഒരാൾക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണം 65ൽ എത്തി. യു.എ.ഇയിൽ രോഗബാധിതരിൽ രണ്ടു പേർ മാത്രമാണ് അത്യാസന്ന നിലയിലുള്ളത്. മറ്റു രാജ്യങ്ങളിലും രോഗികളുടെ നില ഏറെക്കുറെ തൃപ്തികരമാണ്.

രോഗം കൂടുതൽ പേരിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം വിപുലപ്പെടുത്താനുള്ള വിവിധ ഗൾഫ് രാജ്യങ്ങളുടെ തീരുമാനം. സ്ഥിതിഗതികൾ വിലയിരുത്തി മുൻകരുതൽ നടപടികൾ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.