LiveTV

Live

Gulf

യു.എ.ഇയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാരനും; ഗള്‍ഫ് രാജ്യങ്ങളില്‍ രോഗം പടരുന്നു 

ബഹ്റൈനിൽ രോഗബാധിതരുടെ എണ്ണം 95 ആയി. യു.എ.ഇയിൽ 14 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 59 ആയി.

യു.എ.ഇയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാരനും; ഗള്‍ഫ് രാജ്യങ്ങളില്‍ രോഗം പടരുന്നു 

ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ് 19 പടരുന്നു. ബഹ്റൈനിൽ രോഗബാധിതരുടെ എണ്ണം 95 ആയി. യു.എ.ഇയിൽ 14 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 59 ആയി. യു.എ.ഇയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരു ഇന്ത്യക്കാരനുമുണ്ട്. രോഗം പടരുന്ന സാഹചര്യത്തില്‍ കൂടുതൽ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ഗൾഫ് രാജ്യങ്ങൾ.

സൗദിയിൽ പുതുതായി നാല് പേർക്ക് കൂടി രോഗം സ്ഥീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 15 ആയി. ബഹ്റൈനാണ് ഗൾഫിൽ ഏറ്റവും കൂടുതൽ രോഗികളുള്ള രാജ്യം. പുതുതായി 24 പേരുൾപ്പെടെ 95 പേരാണ് രാജ്യത്ത് ചികിൽസയിലുള്ളതെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി. ഇന്ന് പുതുതായി മൂന്ന് പേർക്ക് കൂടിയാണ് ഖത്തറിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 18 ആയി. ഖത്തറിൽ ഇന്നലെയും ഇന്നുമായി രോഗം സ്ഥിരീകരിച്ചവർ വിദേശികളാണ്.

രോഗം കൂടുതൽ പേരിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം വിപുലപ്പെടുത്താനുള്ള വിവിധ ഗൾഫ് രാജ്യങ്ങളുടെ തീരുമാനം. കുവൈത്തിന് പിന്നാലെ ഇന്ത്യക്കാർക്ക് ഖത്തറിലേക്കും താൽക്കാലിക യാത്രാവിലക്ക് ഏർപ്പെടുത്തി. ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക്.

കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് തീരുമാനം. നാളെ മുതൽ അനിശ്ചിത കാലത്തേക്കാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുകയെന്ന് ഖത്തർ വെളിപ്പെടുത്തി. യുഎഇ, കുവൈത്ത്, ബഹ്റൈന്‍ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലേക്ക് സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിലക്കേര്‍പ്പെടുത്താൻ സൗദി അറേബ്യ ഇന്നു വെളുപ്പിനാണ് തീരുമാനം കൈക്കൊണ്ടത്. യാത്രാനിയന്ത്രണം മലയാളികൾ ഉൾപ്പെടെ ആയിരങ്ങളെ പ്രയാസത്തിലാക്കി.