LiveTV

Live

Gulf

കൊറോണ ഭീതിയിൽ പശ്ചിമേഷ്യ; മുൻകരുതൽ നടപടികളുമായി ഗൾഫ്

ബഹ്റൈനിലും കുവൈത്തിലും വിദ്യാലയങ്ങൾ അടച്ചു

കൊറോണ ഭീതിയിൽ പശ്ചിമേഷ്യ; മുൻകരുതൽ നടപടികളുമായി ഗൾഫ്

ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കൊറോണ പടരുന്നു. ബഹ്‌റൈനിലും കുവൈത്തിലും രോഗികളുടെ എണ്ണം വർധിച്ചതോടെ മുൻകരുതൽ നടപടികൾ ശക്തമാക്കി. ഇരുരാജ്യങ്ങളിലും 26 പേർക്ക് വീതമാണ് കൊറോണ സ്ഥിരീകരിച്ചത്. ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യയിൽ കൊറോണ ബാധിതരുടെ എണ്ണം 250നു മുകളിലായെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്.

ഒറ്റ ദിവസം കൊണ്ട് ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രൂപപ്പെട്ടത്. ഇറാൻ സന്ദർശനം നടത്തി തിരിച്ചെത്തിയവർക്കാണ് കൊറോണ ബാധ. ഈ സാഹചര്യത്തിൽ രോഗപ്രതിരോധ നടപടികൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങൾ രണ്ടാഴ്ചക്കാലം അടച്ചിടാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഇറാനിലേക്കുള്ള വിമാന സർവീസുകൾ എല്ലാ ഗൾഫ് രാജ്യങ്ങളും നിർത്തി വെച്ചിരിക്കുകയാണ്. ആശങ്ക വേണ്ടതില്ലെന്നും സർക്കാർ കൈക്കൊള്ളുന്ന മുൻകരുതൽ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും വിവിധ ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടു.

ഒമാനിൽ നിന്ന് പുതിയ കൊറോണ കേസുകളൊന്നും തന്നെ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. നേരത്തെ 13 കൊറോണ കേസുകൾ സ്ഥീരീകരിച്ച യു.എ.ഇയിലും തൽസ്ഥിതി തുടരുകയാണ്. കൊറോണ ഏറ്റവും വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നത് ഇറാനിലാണ്. 19 പേർ ഇതിനകം മരണപ്പെട്ടു.