LiveTV

Live

Gulf

ആഗോള രാഷ്ട്രീയത്തിൽ സമാധാനത്തിൻറെ പക്ഷത്തായിരിക്കും രാജ്യം നിലയുറപ്പിക്കുകയെന്ന് ഒമാന്‍റെ പുതിയ ഭരണാധികാരി ഹൈതം ബിൻ താരീഖ്

സുൽത്താൻ ഖാബൂസ് കാണിച്ചുതന്ന സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും പാത ഒമാൻ പിൻതുടരുമെന്നും സുൽത്താൻ അറിയിച്ചു

ആഗോള രാഷ്ട്രീയത്തിൽ സമാധാനത്തിൻറെ പക്ഷത്തായിരിക്കും രാജ്യം നിലയുറപ്പിക്കുകയെന്ന് ഒമാന്‍റെ പുതിയ ഭരണാധികാരി ഹൈതം ബിൻ താരീഖ്

സുൽത്താൻ ഖാബൂസ് കാണിച്ചുതന്ന സമാധാനത്തിൻറെയും ഐക്യത്തിൻെറയും പാത ഒമാൻ പിൻതുടരുമെന്ന് പുതിയ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് അൽ സഈദ് പറഞ്ഞു. ആഗോള രാഷ്ട്രീയത്തിൽ സമാധാനത്തിൻറെ പക്ഷത്തായിരിക്കും ഒമാൻ നിലയുറപ്പിക്കുക. നിർമാണാത്മക സമീപനമായിരിക്കും നമ്മുടേത്, അല്ലാതെ നശീകരണത്തിൻറെയായിരിക്കില്ലെന്നും ഞായറാഴ്ച വൈകുന്നേരം ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ സുൽത്താൻ ഹൈതം പറഞ്ഞു. 40 ദിവസത്തെ ദുഖാചരണത്തിന് ശേഷം ആദ്യമായാണ് സുൽത്താൻ ഹൈതം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

സുൽത്താൻ ഖാബൂസിനെ അനുസ്മരിച്ചാണ് പ്രഭാഷണം ആരംഭിച്ചത്. ആധുനിക ഒമാൻെറ സ്ഥാപകനെയാണ് അദ്ദേഹത്തിൻെറ നിര്യാണത്തിലൂടെ നഷ്ടമായത്. ഒമാനെ സമാധാനത്തിൻെറയും സഹവർതിത്വത്തിൻെറയും കേന്ദ്രമാക്കി അദ്ദേഹം മാറ്റി. നിര്യാണത്തിലുള്ള അഗാധമായ ദുഖം പങ്കുവെക്കുകയും പ്രാർഥനകൾ നിർവഹിക്കുകയും അദ്ദേഹത്തിൻെറ നേട്ടങ്ങളെ പ്രകീർത്തിക്കുകയുമാണ് കഴിഞ്ഞ ആഴ്ചകളിൽ നമ്മൾ ചെയ്തത്. ത്യാഗത്തിൻെറയും സമർപ്പണത്തിൻെറയും പാഠങ്ങൾ നമ്മൾ അദ്ദേഹത്തിൽ നിന്ന് ഉൾകൊള്ളേണ്ടതുണ്ടെന്നും സുൽത്താൻ ഹൈതം പറഞ്ഞു.
സർക്കാർ, സ്വകാര്യ മേഖലകളിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി ദേശീയ തലത്തിൽ എംപ്ലോയ്മെൻറ് പദ്ധതി ആവിഷ്കരിക്കും. ഇതോടൊപ്പം സാങ്കേതികതയുടെയും സഹായത്തോടെയാകും സമ്പദ്ഘടനയെ മുന്നോട്ട് നയിക്കുകയെന്ന് സുൽത്താൻ ഹൈതം പറഞ്ഞു. ഇതോടൊപ്പം സർക്കാർ മേഖലയിലെ തൊഴിൽ സമ്പ്രദായം നവീകരിക്കുകയും ചെയ്യും. രാജ്യത്തെ യുവതലമുറയിൽ പരമാവധി പേരെ ഉൾക്കൊള്ളിക്കുന്ന വിധത്തിലായിരിക്കും ഈ നവീകരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുല്ല്യതയെയും സ്വാതന്ത്ര്യത്തെയും മാനിക്കുന്ന നിയമ വ്യവസ്ഥകളുള്ള രാജ്യത്താണ് താമസിക്കുന്നത് എന്നത് സ്വദേശികൾക്കും വിദേശികൾക്കും അഭിമാനിക്കാവുന്ന ഒന്നാണ്. എല്ലാ വിഭാഗമാളുകളുടെയും ആത്മാഭിമാനവും ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുന്ന രാഷ്ട്രമാണ് ഒമാൻ എന്നും സുൽത്താൻ ഹൈതം പറഞ്ഞു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കും സംരംഭകർക്കും തന്‍റെ എല്ലാവിധ പിന്തുണയും നൽകും. നിർമിത ബുദ്ധിയടക്കം നവീന സാങ്കേതിക രംഗങ്ങൾക്ക് പ്രത്യേക പിന്തുണ ഉറപ്പു നൽകും. ദേശീയ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളായ ഈ മേഖലകളിലെ അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട് എന്നതിനാലാണിത്. ഈ രംഗത്തെ പുരോഗതികൾ താൻ സൂക്ഷ്മമായി വിലയിരുത്തുമെന്നും സുൽത്താൻ ഹൈതം പറഞ്ഞു. യുവാക്കളാണ് രാജ്യത്തിൻെറ സ്വത്ത്. അവരെ കേൾക്കുകയും അവരുടെ ആവശ്യങ്ങൾ മനസിലാക്കുകയും അവരുടെ പ്രതീക്ഷകൾ പൂർത്തീകരിക്കാൻ ശ്രമിക്കുകയും ചെയ്യുമെന്നും സുൽത്താൻ കൂട്ടിച്ചേർത്തു. ആധുനിക വത്കരണത്തിെൻറ ഭാഗമായി വിദ്യാഭ്യാസം, ശാസ്ത്രം, വികസനം എന്നിവക്ക് പ്രഥമ പരിഗണന നൽകുമെന്നും പുതിയ ഭരണാധികാരി പറഞ്ഞു.

രാജ്യത്തിൻെറ ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ മതിയായ നടപടികൾ എടുക്കും. നിയമങ്ങളും ഭരണ നടപടിക്രമങ്ങളും കർമ്മപദ്ധതികളും നവീകരിക്കുകയും ചെയ്യും. സർക്കാർ നടപടികൾ ലഘൂകരിക്കാനുള്ള പദ്ധതി പരിഗണനയിലുണ്ട്. സർക്കാർ മേഖലയിൽ ഉത്തരവാദിത്വത്തിനും ആത്മാർഥതക്കും മികച്ച ഭരണ നിർവഹണത്തിനും പ്രാധാന്യമേറെയാണെന്നും സുൽത്താൻ ചൂണ്ടികാട്ടി. സർക്കാർ കമ്പനികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നടപടികളുണ്ടാകും. ഇതുവഴി അവയുടെ പ്രകടനം മെച്ചപ്പെടുത്താനും ദേശീയ സമ്പദ് വ്യവസ്ഥയിൽ അവയുടെ പങ്കാളിത്തം ഉറപ്പുവരുത്താനും കഴിയും. വിവിധ മാർഗങ്ങൾ അവലംബിച്ച് പൊതുകടം കുറക്കാനും വരുമാനം വർധിപ്പിക്കാനും സാമ്പത്തിക വൈവിധ്യവത്കരണത്തിന് ഉണർവ് പകരുന്നതിനുമുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തുമെന്നും സുൽത്താൻ ഹൈതം പറഞ്ഞു.