LiveTV

Live

Gulf

ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകൾക്കും താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തി കുവൈത്ത് 

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് വിമാനസർവീസുകൾ നിർത്തലാക്കിയത്.

ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകൾക്കും താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തി കുവൈത്ത് 

ഇറാനിലേക്കും തിരിച്ചുമുള്ള ഏല്ലാ വിമാന സർവീസുകൾക്കും കുവൈത്ത് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് വിമാനസർവീസുകൾ നിർത്തലാക്കിയത്. രണ്ടാഴ്‌ചക്കിടെ ഇറാൻ സന്ദർശിച്ചവരെ പ്രത്യേകം നിരീക്ഷണത്തിൽ വെക്കുമെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇറാൻ നഗരമായ ഖോമിൽ കൊറോണ ബാധിച്ചു രണ്ടു പേര്‍ മരിച്ച സാഹചര്യത്തിലാണ് ഇറാനിലേക്കും തിരിച്ചുമുള്ള മുഴുവൻ വിമാനസർവീസുകളും വ്യാഴാഴ്ച മുതൽ കുവൈത്ത് നിര്‍ത്തലാക്കിയത്. ഇറാനിൽ നിന്നുള്ള യാത്രക്കാരെ പ്രത്യേകം നിരീക്ഷണത്തിൽ പാർപ്പിക്കുമെന്നും കൊറോണ വ്യാപനം തടയുന്നതിനായി ഇറാൻ പൗരന്മാർക്ക് താൽകാലികമായി വിസ നിരോധം ഏർപ്പെടുത്താൻ ആഭ്യന്ത മന്ത്രാലയത്തോട് ശിപാർശ ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇറാൻ പൗരന്മാർക്കും രണ്ടാഴ്ചക്കിടെ ഇറാൻ സന്ദർശിച്ച മറ്റു വിദേശ രാജ്യങ്ങളിലെ പൗരന്മാർക്കും വിസ അനുവദിക്കുന്നത് താത്കാലികമായി നിർത്തണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ ശിപാർശ. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു പൗരന്മാർക്ക് കുവൈത്ത് നിർദേശം നൽകിയിട്ടുമുണ്ട്. ഖോം നഗരത്തിൽ കോവിഡ് 19 കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുകയും രണ്ടു പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ചൈന ഹോങ്കോങ് പൗരന്മാർക്കു കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി നേരത്തെ കുവൈത്ത് പ്രവേശന വിലക്കു ഏർപ്പെടുത്തിയിരുന്നു.