LiveTV

Live

Gulf

സി.ബി.എസ്.ഇ പരീക്ഷ; ഗൾഫിലും ഒരുക്കം തകൃതി

യു.എ.ഇയിൽ നിന്ന് പരീക്ഷ എഴുതുന്നത് 14,000 പേർ

സി.ബി.എസ്.ഇ പരീക്ഷ; ഗൾഫിലും ഒരുക്കം തകൃതി

സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകൾക്ക് ശനിയാഴ്ച തുടക്കം. യു.എ.ഇ യിൽ നിന്ന് ഇരു പരീക്ഷകൾക്കുമായി മൊത്തം 14,000 വിദ്യാർഥികളാണ് തയാറെടുക്കുന്നത്. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലായി16 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.

പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഐ.ടി പരീക്ഷ വ്യാഴാഴ്ച കഴിഞ്ഞെങ്കിലും ശനിയാഴ്ചയാണ് ഭാഷാ വിഷയങ്ങൾ ആരംഭിക്കുന്നത്. യു.എ.ഇ സമയം രാവിലെ 8.45ന് വിദ്യാർഥികളെ പരീക്ഷ ഹാളിലേയ്ക്ക് പ്രവേശിപ്പിക്കും. 15 മിനിറ്റ് ചോദ്യങ്ങൾ വായിച്ചു നോക്കാനുള്ള കൂൾ ഓഫ് സമയമാണ്. ഉച്ചയ്ക്ക് 12 മണി വരെയാണ് പരീക്ഷ. ഒരു ദിവസം ഒരു പരീക്ഷ മാത്രമേയുള്ളൂ.

മാർച്ച് രണ്ടാം വാരത്തിലായിരുന്നു മുൻവർഷങ്ങളിൽ സി.ബി.എസ്.ഇ 10, 12 പൊതുപരീക്ഷകള്‍ നടത്തിയിരുന്നത്. ഈ വർഷം മുതൽ ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. പരീക്ഷയില്‍ ജയിക്കണമെങ്കില്‍ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് വെവ്വേറെ മാര്‍ക്ക് വാങ്ങിയിരിക്കണമെന്നും ചട്ടമുണ്ട്. സി.ബി.എസ്.ഇയില്‍ 33 ശതമാനം മാര്‍ക്കാണ് ഒരു വിദ്യാർഥിക്ക് ജയിക്കുന്നതിന് വേണ്ടത്. 100ന് പകരം 80ലായിരിക്കും തിയറി പരീക്ഷയുടെ മാര്‍ക്ക് ഇക്കുറി കണക്കാക്കുക. ഈ വർഷത്തെ കേരളാ ബോർഡ് എസ്.എൽ.സി പരീക്ഷ അടുത്ത മാസം 10നാണ് തുടങ്ങുക.