LiveTV

Live

Gulf

അമേരിക്കക്കും ഇസ്രായേലിനുമെതിരെ താക്കീതുമായി ഇറാൻ

ഇസ്ലാമിക് റവലൂഷനറി ഗാർഡ് ഉന്നത കമാൻഡർ ഹുസൈൻ സലാമിയാണ് ഇരു രാജ്യങ്ങൾക്കും താക്കീത് നൽകിയത്.

അമേരിക്കക്കും ഇസ്രായേലിനുമെതിരെ താക്കീതുമായി ഇറാൻ

അക്രമിച്ചാൽ അമേരിക്കക്കും ഇസ്രായേലിനുമെതിരെ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. ഇസ്ലാമിക് റവലൂഷനറി ഗാർഡ് ഉന്നത കമാൻഡർ ഹുസൈൻ സലാമിയാണ് ഇരു രാജ്യങ്ങൾക്കും താക്കീത് നൽകിയത്. ഇറാൻ വിരുദ്ധ സഖ്യം ശക്തമാക്കുന്നതിെൻറ മുന്നോടിയായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പൊംപെയോ ഗൾഫ് പര്യടനം ആരംഭിക്കാനിരിക്കെയാണ് ഇറാൻെറ പ്രസ്താവന.

സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ മരണത്തിൻറെ നാൽപതാം ദിനാചരണ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മേജർ ജനറൽ ഹുസൈൻ സലാമി. ചെറിയ അബദ്ധം ചെയ്താൽ പോലും യു.എസിനും ഇസ്രായേലിനുമെതിരെ പ്രത്യാക്രമണം ഉറപ്പാണെന്നും ഹുസൈൻ സലാമി വ്യക്തമാക്കി. ഖാസിം സുലൈമാനിയുടെ കൊലക്ക് പകരമായി പശ്ചിമേഷ്യയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പുറന്തള്ളുന്നതു വരെ പോരാട്ടം തുടരുമെന്ന് ഇറാൻ അനുകൂല മിലീഷ്യയായ ലബനാനിലെ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയും താക്കീത് ചെയ്തു. ട്രംപിൻെറ പശ്ചിമേഷ്യൻ പദ്ധതി തള്ളിയ ഫലസ്തീൻ സംഘടനകളുടെ നിലപാടിന് ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയും പൂർണ പിന്തുണ പ്രഖ്യാപിച്ചു.

അധിനിവിഷ്ട പ്രദേശങ്ങളിൽ കടന്നുകയറാൻ ഇസ്രായേലിന് അനുമതി നൽകുന്ന പദ്ധതിക്കെതിരെ മുസ്ലിം അറബ് ലോകം ഒരുമിച്ചു നിൽക്കണമെന്നും ഖാംനഇ ആഹ്വാനം ചെയ്തു. ഇറാനെതിരെ നിയമവിരുദ്ധ യുദ്ധം തടയുന്ന പ്രമേയം യു.എസ് സെനറ്റ് പാസാക്കിയ നടപടിയെ തെഹ്റാൻ സ്വാഗതം ചെയ്തു. യുദ്ധത്തിന് സൈന്യത്തെ വിന്യസിക്കുന്നതും പ്രമേയത്തിൽ വിലക്കുന്നുണ്ട്. നേരത്തെ, അമേരിക്കൻ പ്രസിഡന്‍റിന്‍റെ സൈനികാധികാരങ്ങൾ വെട്ടികുറക്കുന്ന പ്രമേ‍യം ജനപ്രതിനിധി സഭയായ കോൺഗ്രസ് പാസാക്കിയിരുന്നു. ആക്രമണത്തിന്‍റെ സാഹചര്യത്തിൽ മാത്രമേ ഇനി അമേരിക്കൻ പ്രസിഡന്‍റിന് അനുമതിയില്ലാതെ തിരുമാനങ്ങൾ സ്വീകരിക്കാൻ സാധിക്കൂ.