LiveTV

Live

Gulf

സൗദിയില്‍ കൃത്രിമ മഴ പദ്ധതിക്ക് അനുമതി; പ്രതിവർഷം 20 ശതമാനം അധികമഴ

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നല്‍കി.

സൗദിയില്‍ കൃത്രിമ മഴ പദ്ധതിക്ക് അനുമതി; പ്രതിവർഷം 20 ശതമാനം അധികമഴ

സൗദിയില്‍ കൃത്രിമ മഴ പദ്ധതി നടപ്പിലാക്കുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രലയം അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നല്‍കി. കൃത്രിമ മഴ പദ്ധതിക്ക് സൗദിയിലെ കാര്‍മേഘങ്ങള്‍ അനുയോജ്യമാണെന്നും മന്ത്രാലയം അറിയിച്ചു.

ലോകത്ത് ഏറ്റവും വരള്‍ച്ചയുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. 100 മില്ലീമീറ്ററില്‍ താഴെയാണ് പ്രതിവര്‍ഷം ഇവിടെ ലഭിക്കുന്ന മഴ. ഇതല്ലാതെ മറ്റ് സ്ഥിരം ജലാശയങ്ങളോ നദികളോ തടാകങ്ങളോ ഇവിടെ ഇല്ല. നിലവില്‍ പ്രതിവര്‍ഷം 2400 കോടി ഘനമീറ്റര്‍ ജലം ഇവിടെ ആവശ്യമാണ്. ഇതിലേക്ക് 270 കോടി ഘനമീറ്റര്‍ സമുദ്രജലം ശുദ്ധീകരിച്ച് കണ്ടെത്തുന്നുണ്ട്. 85 ശതമാനം വരെ ഭൂഗര്‍ഭ ജലവും ഉപയോഗിക്കുന്നു. കൃത്രിമ മഴയിലൂടെ മഴയുടെ തോത് 20 ശതമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു.

കാര്‍മേഘങ്ങളില്‍ സില്‍വര്‍ അയഡൈഡ് പോലുള്ള ലവണങ്ങളുടെ തരികള്‍ വിമാനം വഴിയോ മറ്റ് വഴികളിലൂടെയോ വിതറിയാണ് കൃത്രിമ മഴ പെയ്യിക്കുന്നത്. സൗദിയില്‍ കൃത്രിമ മഴ പെയ്യിക്കുന്നതിനെ കറിച്ചുള്ള പഠനം 1976 ല്‍ ആരംഭിച്ചതാണ്. ഇത് പരീക്ഷിക്കുന്നതിനായി അമേരിക്കയിലെ വയോമിംഗ് യുണിവേഴ്‌സിറ്റിയുമായി ഒപ്പുവെച്ച കരാറനുസരിച്ച് 1990 ല്‍ അസീര്‍ പ്രവശ്യയില്‍ ആദ്യ കൃത്രിമ മഴ പരീക്ഷിച്ചു. തുടര്‍ന്ന് സൗദി ശാസ്ത്രജ്ഞരുടെ സഹകരണത്തോടെ റിയാദ്, അല്‍ ഖസീം, ഹായില്‍, വടക്ക്-പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ് പ്രവശ്യകളിലും കൃത്രിമ മഴ പരീക്ഷിച്ചു.