LiveTV

Live

Gulf

കുവൈത്തിൽ നിന്ന് ആടുകളെ കയറ്റുമതി ചെയ്യുന്നതിന് വിലക്ക്

വിപണിയിൽ പ്രാദേശിക ആടുകളുടെ എണ്ണത്തിൽ വൻകുറവ് കണ്ടെത്തിയതിനെ തുടർന്നാണ് മാർച്ച് ഒന്നു മുതൽ ആടുകയറ്റുമതി വിലക്കിക്കൊണ്ട് മന്ത്രാലയം ഉത്തരവിറക്കിയത്.

കുവൈത്തിൽ നിന്ന് ആടുകളെ കയറ്റുമതി ചെയ്യുന്നതിന് വിലക്ക്

കുവൈത്തിൽനിന്ന് ആടുകളെ കയറ്റുമതി ചെയ്യുന്നതിന് വാണിജ്യ വ്യവസായമന്ത്രാലയം വിലക്കേർപ്പെടുത്തി. വിപണിയിൽ പ്രാദേശിക ആടുകളുടെ എണ്ണത്തിൽ വൻകുറവ് കണ്ടെത്തിയതിനെ തുടർന്നാണ് മാർച്ച് ഒന്നു മുതൽ ആടുകയറ്റുമതി വിലക്കിക്കൊണ്ട് മന്ത്രാലയം ഉത്തരവിറക്കിയത്.

പകർച്ച വ്യാധികൾ ഉൾപ്പെടെയുള്ള കാരണങ്ങൾ മുൻനിർത്തി പല വിദേശ രാജ്യങ്ങളിൽനിന്നുമുള്ള ആടുമാടുകൾക്ക് വാണിജ്യ മന്ത്രാലയം ഏർപ്പെടുത്തിയ ഇറക്കുമതിവിലക്ക് നിലനിൽക്കുന്നുണ്ട്. ഇത് മൂലം പ്രാദേശിക ആടുകളെയാണ് മാംസത്തിനായി ഉപഭോക്താക്കൾ ഏറെ ആശ്രയിക്കുന്നത്. ഇത് നേരിയ തോതിൽ ക്ഷാമത്തിന് കാരണമായിട്ടുണ്ട്. ആടുകൾക്ക് ഏറ്റവും കൂടുതൽ ആവശ്യം നേരിടുന്ന മാസമാണ് റമദാൻ. പ്രാദേശിക ആടുകളുടെ കയറ്റുമതി നിയന്ത്രിച്ചില്ലെങ്കിൽ റമദാൻ ആകുമ്പോഴേക്കും ആടുക്ഷാമം രൂക്ഷമാകുമെന്നു വിലയിരുത്തിയാണ് വാണിജ്യ മന്ത്രാലയം പുതിയ ഉത്തരവ് ഇറക്കിയത്.

പ്രാദേശിക ഇനങ്ങൾക്കും വിദേശ ജനുസ്സുകൾക്കും കയറ്റുമതി നിരോധന ഉത്തരവ് ബാധകമാണ്. ഏലം, അറബിക് കാപ്പി എന്നിവയുടെ കയറ്റുമതിക്കും റമദാൻ കഴിയുന്നത് വരെ വിലക്കേർപ്പെടുത്താൻ മന്ത്രാലയത്തിനു ആലോചനയുണ്ട്. ഏലവും കാപ്പിയും അയല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ചില വിതരണക്കാര്‍ സംഭരിക്കുന്നുണ്ട്. ഇത് കുവൈത്ത് വിപണിയിൽ ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.