LiveTV

Live

Gulf

വായ്പയെടുത്ത് മുങ്ങിയ ഇന്ത്യക്കാരെ തേടി യു.എ.ഇ ബാങ്കുകൾ

യു.എ.ഇ കോടതി വിധികൾ ഇന്ത്യയിലും നടപ്പാക്കാനുള്ള കേന്ദ്രതീരുമാനം മുൻനിർത്തിയാണ് ബാങ്കുകളുടെ ഈ നീക്കം

വായ്പയെടുത്ത് മുങ്ങിയ ഇന്ത്യക്കാരെ തേടി യു.എ.ഇ ബാങ്കുകൾ

വൻതുക വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങിയ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്കെതിരെ നിയമ നടപടിയുമായി യു.എ.ഇ ബാങ്കുകൾ. യു.എ.ഇ കോടതി വിധികൾ ഇന്ത്യയിലും നടപ്പാക്കാനുള്ള കേന്ദ്രതീരുമാനം മുൻനിർത്തിയാണ് ബാങ്കുകളുടെ ഈ നീക്കം. വിവിധ സംസ്ഥാനങ്ങളിലെ പൊലിസ് സേനയുമായി സഹകരിച്ചാവും പ്രതികളെ കണ്ടെത്തുക.

പിന്നിട്ട നാലു വർഷത്തിനുള്ളിൽ യു.എ.ഇയിലെ വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് നാട്ടിലേക്ക് കടന്ന ഇന്ത്യക്കാരുടെ എണ്ണം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോർട്ട്.

ഇവരിൽ നൂറുകണക്കിന് മലയാളികളും ഉൾപ്പെടും. പണം തിരിച്ചു പിടിക്കാൻ നാട്ടിലെ ചില ഏജൻസികളുമായി ഇടക്കാലത്ത് യു.എ.ഇ ബാങ്കുകൾ ചില നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ജനുവരി പതിനേഴിന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനമാണ് ബാങ്കുകളിൽ പ്രതീക്ഷ പടർത്തിയത്. യു.എ.ഇ സിവിൽ കോടതി വിധികൾ ഇന്ത്യയിലെ ജില്ലാ കോടതികൾ മുഖേന നടപ്പാക്കാൻ അനുമതി നൽകുന്നതായിരുന്നു വിജ്ഞാപനം.

പുതിയ വിജ്ഞാപനത്തിൻറെ വെളിച്ചത്തിൽ യു.എ.ഇ ബാങ്കുകളുടെ കൺസോർഷ്യം ഇന്ത്യയുമായി ആശയവിനിമയം ആരംഭിച്ചുവെന്നാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്തത്. വ്യക്തിഗത വായ്പകളേക്കാൾ സ്ഥാപനങ്ങളുടെ പേരിൽ കോടിക്കണക്കിന് ദിർഹം വായ്പയെടുത്തു രക്ഷപ്പെട്ട ഉടമകളെയാണ് ബാങ്കുകൾ ലക്ഷ്യമിടുന്നത്. 2018, 2019 കാലയളവിലാണ് യു.എ.ഇ ബാങ്കുകൾക്ക് വായ്പയിനത്തിൽ വലിയ തുക നഷ്ടമായത്. അമ്പതിനായിരം കോടി വരെ കിട്ടാക്കടമായി ബാങ്കുകൾക്കുണ്ട്. നിലവിലെ സാഹചര്യത്തിൽ വായ്പാ തുകയിൽ ഒരു പങ്ക് തിരിച്ചു പിടിക്കാൻ സാധിച്ചാൽ തന്നെ ബാങ്കുകൾക്ക് അത് ഏറെ ഗുണം ചെയ്യും. ഏതായാലും കേന്ദ്ര സർക്കാറിെൻറ ഭാഗത്തു നിന്നുള്ള അനുകൂല നിലപാടിൽ പ്രതീക്ഷയർപ്പിച്ചാണ് ബാങ്ക് കൂട്ടായ്മയുടെ തുടർ നടപടികൾ.