LiveTV

Live

Gulf

പ്രവാസി വകുപ്പിന് ബജറ്റിൽ 90 കോടി; ക്ഷേമ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് തുക പര്യാപ്തമാകില്ലെന്ന് ആക്ഷേപം

ക്ഷേമപദ്ധതികൾക്ക് ഫണ്ട് തടസമാകും. കൂടുതൽ വിഹിതത്തിന് സമ്മർദം.

പ്രവാസി വകുപ്പിന് ബജറ്റിൽ 90 കോടി; ക്ഷേമ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് തുക പര്യാപ്തമാകില്ലെന്ന് ആക്ഷേപം

പ്രവാസി വകുപ്പിന് ബജറ്റിൽ 90 കോടി വകയിരുത്തിയെങ്കിലും ക്ഷേമ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് തുക പര്യാപ്തമാകില്ലെന്ന് ആക്ഷേപം. സാന്ത്വനം ഉൾപ്പെടെയുള്ള പദ്ധതികൾക്കും പ്രവാസി പുരധിവാസത്തിനും കൂടുതൽ വിഹിതം ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.

പ്രവാസി വകുപ്പിനായി 90 കോടി രൂപയാണ് വെള്ളിയാഴ്ച അവതരിപ്പിച്ച കേരള ബജറ്റിലുള്ളത്. മുൻവർഷവുമായി തട്ടിച്ചു നോക്കിയാൽ ഉയർന്ന തുകയാണിത്. എന്നാൽ ക്ഷേമ പദ്ധതികൾക്ക് നീക്കിവെച്ച വിഹിതം ഒട്ടും പര്യാപ്തമല്ലെന്ന് പ്രവാസി കൂട്ടായ്മകൾ വ്യക്തമാക്കുന്നു. പദ്ധതികളുടെ പെരുപ്പത്തേക്കാൾ കൂടുതൽ സാമ്പത്തിക പിൻബലത്തോടെയുളള നടപടികളാണ് വേണ്ടതെന്ന അഭിപ്രായവും ശക്തമാണ്.

എയർപോർട്ട് ആംബുലൻസ്, വിദേശജോലിക്കു ജോബ് പോർട്ടൽ, വിദേശ മലയാളികൾക്കു 24 മണിക്കൂർ ഹെൽപ് ലൈൻ, 10,000 നഴ്സുമാർക്ക് വിദേശ ജോലി ലഭ്യമാക്കാനുള്ള പ്രത്യേക പരിശീലനം എന്നിങ്ങനെ മികച്ച പദ്ധതികൾ ബജറ്റിലുണ്ട്. പക്ഷെ, ഇവയുെട പ്രയോഗവത്കരണത്തിന് ഫണ്ട് തടസമാകും.

പ്രവാസി ചിട്ടി, പെൻഷൻ പദ്ധതി എന്നിവയോട് പ്രവാസികളിൽ വേണ്ടത്ര താൽപര്യം ജനിപ്പിക്കാൻ ഇനിയും സർക്കാരിന് സാധിച്ചിട്ടില്ല. ഏറെ കൊട്ടിഘോഷിച്ച പ്രവാസി ചിട്ടിയിൽ പതിനയ്യായിരം പേർ മാത്രമാണ് ഇതിനകം അംഗങ്ങളായത്. സർക്കാർ വക നിക്ഷേപ സംരംഭരങ്ങളോട് പ്രവാസികളെ ചേർത്തു നിർത്താൻ കൂടുതൽ മികച്ച ചുവടുവെപ്പുകൾ വേണ്ടി വരും.