LiveTV

Live

Gulf

കൽബ വികസനത്തിന് സമഗ്രപദ്ധതി

ഷാർജ-കൽബ പാതക്ക് 100 കോടി ദിർഹം. വിനോദസഞ്ചാര വികസനത്തിന് ഊന്നല്‍

കൽബ വികസനത്തിന് സമഗ്രപദ്ധതി

ഫുജൈറക്കു സമീപം കല്‍ബയുടെ സമഗ്ര വികസനത്തിന് പദ്ധതി. റോഡ് ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പദ്ധതിയിൽ മുൻതൂക്കം. വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കുകയെന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് വികസന പദ്ധതികൾ.

കൽബയുടെ വികസനത്തിന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 600 കോടി ദിര്‍ഹമാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 100 കോടി ദിര്‍ഹം ഷാര്‍ജ-കല്‍ബ പാതയുടെ നിര്‍മാണത്തിന് നീക്കിവെക്കും. ഇപ്പോൾ ഷാര്‍ജയില്‍നിന്ന് കല്‍ബയിലെത്താൻ ഒന്നര മണിക്കൂർ യാത്ര ചെയ്യണം. പുതിയ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇത് മുക്കാല്‍ മണിക്കൂറായി ചുരുങ്ങും. റോഡിൻറെ നിര്‍മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാണ് നീക്കം.

ലോകോത്തര സ്പോര്‍ട്സ് സയന്‍സസ് അക്കാദമി, റവാക് കല്‍ബ കോര്‍ണിഷ്, ഷോപ്പിങ് മാള്‍ തുടങ്ങിയവയും ശൈഖ് സുല്‍ത്താന്‍ പ്രഖ്യാപിച്ചു. ഷാര്‍ജ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന് കീഴില്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങിയ കല്‍ബ കിങ്ഫിഷര്‍ റിട്രീറ്റിലെ സൗകര്യങ്ങള്‍ സുല്‍ത്താന്‍ സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. ഷാര്‍ജ ഇന്‍വെസ്റ്റ്മെൻറ് ആന്‍ഡ് ഡവലപ്മെൻറ് അതോറിറ്റി ചെയര്‍പേഴ്സൻ ശൈഖ ബുദൂര്‍ ബിൻത് സുല്‍ത്താന്‍ അല്‍ ഖാസിമി, കല്‍ബയിലെ ഷാര്‍ജ ഭരണാധികാരിയുടെ ഓഫിസ് ഡെപ്യൂട്ടി ചീഫ് ശൈഖ് ഹൈതം ബിന്‍ സഖര്‍ അല്‍ ഖാസിമി തുടങ്ങിയവരും സന്നിഹിതരായിരുന്നു.