LiveTV

Live

Gulf

കേരള ബജറ്റിനെ പിന്തുണച്ച് ഗൾഫിലെ വ്യവസായ പ്രമുഖർ

പ്രവാസികൾക്കും നാടിനും ഗുണകരമായ ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചതെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്

കേരള ബജറ്റിനെ പിന്തുണച്ച് ഗൾഫിലെ വ്യവസായ പ്രമുഖർ

കേരള ബജറ്റിനെ പിന്തുണച്ച് ഗൾഫിലെ വ്യവസായ പ്രമുഖർ. പ്രവാസികൾക്കും നാടിനും ഗുണകരമായ ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചതെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്. എന്നാൽ പദ്ധതികൾക്ക് ആവശ്യമായ ഫണ്ട് നീക്കിവെക്കുന്നതിൽ ബജറ്റ് പരാജയമാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

പുരോഗമനപരമായ പദ്ധതികൾക്കൊപ്പം പ്രവാസികൾക്ക് ക്ഷേമത്തിനായി ചരിത്രത്തിലെ ഏറ്റവും വലിയ തുക നീക്കിവച്ചത് സന്തോഷം നൽകുന്ന കാര്യമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളത്തിന്‍റെ സ്ഥാനം ഉയർത്തുന്നതിനുള്ള നടപടികൾ കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും വികസനത്തിന് ഊന്നല്‍ നല്‍കി സന്തുലിതമായ ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി ഡോ.തോമസ് ഐസക് നടത്തിയ ശ്രമം അഭിനന്ദനാര്‍ഹമാണെന്ന് ആസ്റ്റർ ഡി.എം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍. സംസ്ഥാന ബജറ്റ് സാമൂഹിക ക്ഷേമത്തിന് പ്രാധാന്യവും ഊന്നലും നൽകുന്നുവെന്ന് ഫിനാബ്ലർ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട്ട്.

പ്രവാസികൾക്ക് വളരെയധികം സംതൃപ്തി നൽകുന്ന ബജറ്റാണിതെന്ന് പ്രവാസി ബന്ധു വെൽഫയർ ട്രസ്റ്റ് ചെയർമാനും ലോക കേരള സഭ അംഗവുമായ കെ.വി ഷംസുദ്ധീൻ പറഞ്ഞു. പ്രവാസി ക്ഷേമനിധി അടക്കമുള്ള ക്ഷേമപെൻഷനുകൾ വർദ്ധിപ്പിച്ച് കേരള സർക്കാർ അവതരിപ്പിച്ച ബജറ്റ് പ്രവാസി മലയാളികളുടെ ആവശ്യങ്ങൾ പരിഗണിച്ചിട്ടുണ്ടെന്ന് മലയാളം മിഷൻ യു.എ.ഇ ചാപ്റ്റർ കോഡിനേറ്റർ കെ.എൽ. ഗോപിയും പറ‍ഞ്ഞു.

കേരളത്തിന് പ്രതീക്ഷ നൽകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. ക്ഷേമ പെൻഷൻ തുക 1300 കോടിയായി ഉയർത്തിയതും 500 കോടി വിദ്യാഭ്യാസ മേഖലയിൽ മാറ്റിവെച്ചതും വലിയ ചുവടുവെപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.