LiveTV

Live

Gulf

ദുബൈയില്‍ സ്മാര്‍ട് മീറ്ററുകള്‍ വ്യാപിപ്പിക്കുന്നു

പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച സ്മാർട്ട് മീറ്ററുകള്‍ വിജയകരമാണെന്ന് കണ്ടതോടെയാണ് ദുബൈയിൽ എല്ലായിടത്തും വ്യാപിപ്പിക്കാനുള്ള തീരുമാനം

ദുബൈയില്‍ സ്മാര്‍ട് മീറ്ററുകള്‍ വ്യാപിപ്പിക്കുന്നു

ദുബൈ നഗരത്തിൽ സ്മാർട്ട് പാര്‍ക്കിങ് മീറ്ററുകൾ വ്യാപകമാകുന്നു. 1400 പുതിയ മെഷീനുകള്‍ ഈ വര്‍ഷം ഏര്‍പ്പെടുത്തും. പ്രധാന കേന്ദ്രങ്ങളിലൊക്കെയും പുതിയ മീറ്ററുകൾ സ്ഥാനം പിടിച്ചുകഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച സ്മാർട്ട് മീറ്ററുകള്‍ വിജയകരമാണെന്ന് കണ്ടതോടെയാണ് ദുബൈയിൽ എല്ലായിടത്തും വ്യാപിപ്പിക്കാനുള്ള തീരുമാനം.

പുതിയ മെഷീനുകളില്‍ പാര്‍ക്കിങ് ഫീസ് അടച്ചാല്‍, രശീതി വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല. സ്മാർട്ട് മീറ്ററുകളുടെ സ്ക്രീനില്‍ ആദ്യം വാഹനത്തിന്‍റെ നമ്പര്‍ ടൈപ്പ് ചെയ്യണം. ദുബൈക്ക് പുറമെ മറ്റ് എമിറേറ്റുകളിലെയും സൗദി, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലെയും പ്ലേറ്റ് നമ്പറുകള്‍ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്.

എത്ര സമയത്തേക്കാണ് പാര്‍ക്കിങ്, പണം നല്‍കുന്നത് നോല്‍കാര്‍ഡ് മുഖേനയാണോ എന്നും രേഖപ്പെടുത്തണം. റസീപ്റ്റ് നിർബന്ധമില്ല. പാർക്കിങ് മീറ്ററിൽ പണമടച്ച് വീണ്ടും നിര്‍ത്തിയിട്ട വാഹനത്തിന് അടുത്തെത്തി രസിപ്റ്റ് ഡാഷ്ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ട പരമ്പരാഗത രീതി അടിമുടി മാറുകയാണെന്ന് ആർ.ടി.എ അധികൃതർ വ്യക്തമാക്കുന്നു.