LiveTV

Live

Gulf

പ്രവാസികളോട് മുഖം തിരിച്ച് കേന്ദ്രബജറ്റ്

പ്രവാസികളോട് മുഖം തിരിച്ച് കേന്ദ്രബജറ്റ്

പ്രവാസി പദ്ധതികൾ സംബന്ധിച്ച് കേന്ദ്രബജറ്റ് പുലർത്തുന്നത് കുറ്റകരമായ മൗനം. അതേസമയം എൻ.ആർ.ഐ പദവിയുടെ മാനദണ്ഡം കൂടുതൽ കർക്കശമാക്കുകയാണ് കേന്ദ്രം. ഭാവിയിൽ പ്രവാസികളുടെ വരുമാനത്തിന് കൂടി നികുതി ഏർപ്പെടുത്തുന്നതിൻെറ മുന്നോടിയാണ് പുതിയ നീക്കമെന്നും വിലയിരുത്തപ്പെടുന്നു.

സാധാരണ പ്രവാസികൾക്ക് ഗുണകരമാകുന്ന പദ്ധതികളോ പ്രഖ്യാപനങ്ങളോ പുതിയ കേന്ദ്രബജറ്റിൽ ഇല്ല. മോദി സർക്കാറിൻെറ ഭരണത്തിൽ തുടരുന്ന നിഷേധനിലപാട് ഇക്കുറിയും ആവർത്തിക്കുകയാണ്. തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മൂർത്തമായ പദ്ധതികൾ ഉണ്ടാകണമെന്ന് വിവിധ പ്രവാസി കൂട്ടായ്മകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.

അതേ സമയം എൻ.ആർ.ഐ പരിഗണനക്ക് നൽകി വന്ന ഉദാരത അവസാനിപ്പിക്കാനുള്ള കാര്യമായ നീക്കം ആശങ്കയോടെയാണ് പലരും നോക്കി കാണുന്നത്. 182 ദിവസം വിദേശത്ത് താമസിച്ചവര്‍ക്ക് ഇതുവരെ പ്രവാസികള്‍ക്കുള്ള ആനുകൂല്യം ലഭിച്ചിരുന്നു. എന്നാല്‍, ഇത് 240 ദിവസമായി ഉയര്‍ത്തിയിരിക്കുകയാണ്. ഇന്ത്യയിലും വിദേശത്തും ബിസിനസ് ചെയ്യുന്നവരെ ഇത് ദോഷകരമായി ബാധിക്കും. ഇതോടെ ദുബൈയില്‍ 3000 ദിര്‍ഹം ശമ്പളം വാങ്ങിക്കുന്നവര്‍ പോലും ഇന്ത്യയില്‍ നികുതി അടക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

തുടർച്ചയായ 120 ദിവസമോ അതിൽ കൂടുതലോ നാട്ടിൽ നിൽക്കുന്ന പ്രവാസി ഇന്ത്യക്കാർ നികുതി അടക്കേണ്ടി വരുമെന്ന ധനകാര്യ മന്ത്രാലയത്തിൻെറ സർക്കുലറും ആശങ്ക വർധിപ്പിക്കുന്നതാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ എൻ.ആർ.ഐ സ്റ്റാറ്റസ് ദുരുപയോഗം ചെയ്യുന്ന നാട്ടിലെ തന്നെ സംരംഭകർക്ക് കടിഞ്ഞാണിടാനുള്ള നീക്കമായി ഇതിനെ കാണുന്നവരും ഉണ്ട്.