LiveTV

Live

Gulf

പൊതുഫണ്ട് ദുർവിനിയോഗം ചെയ്തു; കുവൈത്തിൽ മുൻ മന്ത്രിക്ക് ഏഴുവർഷം തടവ്

വിദേശകമ്പനിയുമായുള്ള ഇടപാടിൽ ഖജനാവിന് വൻ നഷ്ടമുണ്ടാക്കി എന്ന് കണ്ടെത്തിയാണ് മിനിസ്റ്റീരിയൽ കോടതി ശിക്ഷ വിധിച്ചത്.

പൊതുഫണ്ട് ദുർവിനിയോഗം ചെയ്തു; കുവൈത്തിൽ മുൻ മന്ത്രിക്ക് ഏഴുവർഷം തടവ്

കുവൈത്തിൽ പൊതുഫണ്ട് ദുർവിനിയോഗം ചെയ്ത കുറ്റത്തിന് മുൻ മന്ത്രിയെ ഏഴുവർഷത്തെ തടവിന് ശിക്ഷിച്ചു. വിദേശകമ്പനിയുമായുള്ള ഇടപാടിൽ ഖജനാവിന് വൻ നഷ്ടമുണ്ടാക്കി എന്ന് കണ്ടെത്തിയാണ് മിനിസ്റ്റീരിയൽ കോടതി ശിക്ഷ വിധിച്ചത്. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ മുൻ അണ്ടർ സെക്രട്ടറി, ഇടനിലക്കാരനായ അമേരിക്കൻ പൗരൻ എന്നിവർക്കും സമാന ശിക്ഷ വിധിച്ചിട്ടുണ്ട്.

മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശ കമ്പനിയുമായി കരാറിൽ ഏർപ്പെടുകയും അതുമൂലം പൊതുഖജനാവിനു വലിയ നഷ്ടമുണ്ടാക്കിയെന്നുമാണ് മുൻ ആരോഗ്യമന്ത്രിയുൾപ്പെടെ നാല് പ്രതികൾക്കെതിരെ കോടതി കണ്ടെത്തിയ കുറ്റം. ഇടപാടിൽ 81 ദശലക്ഷം ഡോളറാണ് പൊതുമുതൽ നഷ്ടം. ഇത് പ്രതികളിൽ നിന്ന് തിരിച്ചു പിടിക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷാനടപടികൾ താല്‍കാലികമായി നിർത്തിവെക്കണമെങ്കിൽ ഓരോരുത്തരും പതിനായിരം ദിനാർ വീതം കെട്ടിവെക്കണമെന്നും കോടതി നിർദേശിച്ചു.

കുവൈത്തിൽ ആദ്യമായാണ് മിനിസ്റ്റീരിയൽ കോടതി മുൻ മന്ത്രിക്കെതിരെ തടവ് ശിക്ഷ വിധിക്കുന്നത്. കേസിൽ മന്ത്രിയും ഉദ്യോഗസ്ഥരും കഴിഞ്ഞ ഏതാനും മാസങ്ങളായി വിചാരണ നേരിടുകയായിരുന്നു. മുൻമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെയുള്ള കോടതി വിധിയെ റാഖാൻ അൽ നിസ്ഫ് എം.പി ചരിത്ര വിധിയെന്ന് വിശേഷിപ്പിച്ചു. ശിക്ഷിക്കപ്പെട്ട മന്ത്രിക്കെതിരെ റാഖാൻ അൽ നിസ്ഫ് പാർലമെന്റിൽ നേരത്തെ കുറ്റവിചാരണാ പ്രമേയം അവതരിപ്പിച്ചിരുന്നു.