LiveTV

Live

Gulf

ഇറാന്‍ മിലീഷ്യകള്‍ ഇറാഖിലെ യു.എസ് സെെനികര്‍ക്ക് ഭീഷണിയാകുന്നു

ഇറാഖിൽ യു.എസ് സൈന്യത്തിനെതിെര ജനങ്ങളുടെ എതിർപ്പ് ശക്തമായി തുടരുകയാണ്

ഇറാന്‍ മിലീഷ്യകള്‍ ഇറാഖിലെ യു.എസ് സെെനികര്‍ക്ക് ഭീഷണിയാകുന്നു

ഇറാൻ അനുകൂല മിലീഷ്യകളുടെ ആക്രമണ ഭീഷണി ഇറാഖിലെ യു.എസ് സൈനികരുടെ സുരക്ഷക്ക് കനത്ത വെല്ലുവിളിയാകുന്നു. ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനില്ലെന്ന് അമേരിക്ക വ്യക്തമാക്കുേമ്പാഴും കാവൽ സർക്കാറിനു മേൽ സമ്മർദം ശക്തമാണ്. ജനുവരി എട്ടിന് നടന്ന ഇറാൻ ആക്രമണത്തിൽ കൂടുതൽ സൈനികർക്ക് പരിക്കേറ്റതായ വെളിപ്പെടുത്തൽ പുറത്തുവന്നതും ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായി.

ഇറാഖിൽ യു.എസ് സൈന്യത്തിനെതിെര ജനങ്ങളുടെ എതിർപ്പ് ശക്തമായി തുടരുകയാണ്. അതുകൊണ്ടുതന്നെ അമേരിക്കയെ തള്ളാനും കൊള്ളാനും വയ്യാത്ത സാഹചര്യത്തിലാണ് ഇറാഖിലെ കാവൽ സർക്കാറും. കഴിഞ്ഞ ദിവസം ട്രംപുമായി ദാവോസിൽ നടത്തിയ ചർച്ചയിൽ യു.എസ് സൈന്യം തുടരുന്നത് പുതിയ സുരക്ഷാ ഭീഷണി ഉയർത്തുന്നതായി ഇറാഖ് പ്രസിഡൻറ് വ്യക്തമാക്കുകയുണ്ടായി.

ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് 34 സൈനികർക്ക് മസ്തിഷ്ക ക്ഷതമേറ്റതായി പെന്‍റഗൺ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതും ആഘാതമായി. ഒരു സൈനികന് പോലും പരിക്കേറ്റിട്ടില്ലെന്നായിരുന്നു ഇറാൻ നടത്തിയ തിരിച്ചടിയെ തുടർന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടത്. സൈനികർക്ക് മസ്തിഷ്ക ക്ഷതമേറ്റതായി പെന്‍റഗൺ വക്താവ് ജൊനാഥൻ ഹോഫ്മാനാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.

കൂടുതൽ പേരെയും ചികിത്സക്കായി ജർമനിയിലേക്ക് മാറ്റിയിരിക്കുകയാണ്. എട്ട് പേരെ വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ടു വരികയും ചെയ്തു. മിസൈൽ ആക്രമണവും ശക്തമായ സ്ഫോടനവും നടക്കുമ്പോൾ പെട്ടെന്നുണ്ടായ അന്തരീക്ഷ മർദത്തിന്‍റെ വ്യത്യാസമാണ് മസ്തിഷ്ക ക്ഷതത്തിന് കാരണം.

ഇംപീച്ച്മെൻറ് നടപടിക്കിടെയുള്ള പുതിയ വെളിപ്പെടുത്തലിനെ നിസാരമായി കാണാനാണ് ട്രംപിെൻറ നീക്കം. സൈനികർക്ക് ചെറിയ തലവേദന മാത്രമാണുള്ളതെന്നും ആർക്കും ഗുരുതര പരിക്കില്ലെന്നുമാണ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്നത്. ഏതായാലും ഇറാഖുമായി ബന്ധപ്പെട്ട് ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.