LiveTV

Live

Gulf

കൊറോണ വൈറസ് ബാധ; സൗദിയിലെ മലയാളി നഴ്സിന്റെ നിലയില്‍ പുരോഗതി

2012 മുതല്‍ സൗദിയില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു

കൊറോണ വൈറസ് ബാധ; സൗദിയിലെ  മലയാളി നഴ്സിന്റെ നിലയില്‍ പുരോഗതി

സൌദിയിലെ അബഹയില്‍ കൊറോണ വൈറസ് ബാധിച്ച മലയാളി നഴ്സിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റു മലയാളികളുടേതുള്‍പ്പെടെ എണ്‍പതിലേറെ പേരുടെ പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവാണ്. അബഹയിലേത് ചൈനയിലേതിന് സമാനമായ വുഹാന്‍ വൈറസല്ലെന്ന് അസീര്‍ സൈന്റിഫിക് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി മേധാവി ഡോ. താരീഖ് അല്‍ അസ്റഖി സ്ഥിരീകരിച്ചു. ഒട്ടകത്തില്‍ നിന്നാണ് സൗദിയില്‍ കൊറോണ വൈറസ് പടരുന്നത്.

2012 മുതല്‍ സൗദിയില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ എന്നാണ് വൈറസിന്റെ മുഴുവന്‍ പേര്. ഇതാണ് സൗദിയിലെ അബഹയില്‍ മലയാളി, ഫിലിപ്പൈന്‍ നഴ്സുമാര്‍ക്ക് ബാധിച്ചത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്സിന്റെ നില തൃപ്തികരമാണ്. ഇവരോടൊപ്പം ഹോസ്റ്റലില്‍ കഴിഞ്ഞവരും, ജോലി ചെയ്തവരുമടക്കം സംശയമുള്ള എണ്‍പതോളം പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. ഫലം ലഭിച്ച അമ്പതിലേറെ പേര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു.

പുതിയ സാഹചര്യത്തില്‍ അറബ് മേഖലയിലെ വിവിധ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാണ്. മികച്ച ചികിത്സ ലഭ്യമായതിനാല്‍ ചികിത്സ ഫലപ്രദമാകുന്നുണ്ട്.