LiveTV

Live

Gulf

യു.എസ് സൈന്യം ഇറാഖിൽ തുടരുമെന്ന സൂചനയുമായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

ഇറാഖ് പ്രസിഡൻറ് ബർഹാം സാലിഹുമായി ദാവോസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്

യു.എസ് സൈന്യം ഇറാഖിൽ തുടരുമെന്ന സൂചനയുമായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

യു.എസ് സൈന്യം ഇറാഖിൽ തുടരുമെന്ന സൂചനയുമായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറാഖിലെ 5000 ലേറെ വരുന്ന യു.എസ് സൈന്യത്തിന്റെ ഭാവി സംബന്ധിച്ച തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും ട്രംപ് വെളിപ്പെടുത്തി. ഇറാഖ് പ്രസിഡൻറ് ബർഹാം സാലിഹുമായി ദാവോസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

അമേരിക്കൻ സൈന്യം ഇറാഖ് വിടണമെന്ന് പാർലമെൻറും ഇറാൻ അനുകൂല മിലീഷ്യകളും ശക്തമായി ആവശ്യപ്പെട്ടു വരികയാണ്. യു.എസ് സൈനിക സാന്നിധ്യത്തെ കുറിച്ച് ഇറാഖ് പ്രസിഡൻറും ട്രംപും ചർച്ച ചെയ്തു. ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതിന് കൃത്യമായ റോഡ് മാപ്പ് ആവിഷ്കരിക്കണമെന്ന് കാവൽ പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദിയും ആവശ്യപ്പെട്ടിരുന്നു. ഇറാഖുമായി നല്ല ബന്ധമാണുള്ളതെന്നും അത് മാറ്റമില്ലാതെ തുടരുമെന്നും ട്രംപ് പറഞ്ഞു.

ഇറാഖിലെ യു.എസ് സൈനീക സാന്നിധ്യം തുടരുന്നതു സംബന്ധിച്ച ട്രംപിന്‍റെ പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഇറാൻ സൈനീക കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലയെ തുടർന്നാണ് യു.എസ് സൈന്യം ഇറാഖ് വിടണമെന്ന് പാർലമെൻറ് പ്രമേയം പാസാക്കിയത്. എന്നാൽ ട്രംപ് ഭരണകൂടം ഇതു തള്ളുകയായിരുന്നു. ഇറാഖിലെ യു.എസ് സൈനീക കേന്ദ്രങ്ങൾക്കു നേരെ പലതവണ റോക്കറ്റ് ആക്രമണം നടന്നത് വലിയ സുരക്ഷാ വെല്ലുവിളിയാണ് ഉയർത്തുന്നത്.

ട്രംപുമായി ചർച്ച നടത്തിയാൽ ഇറാഖ് പ്രസിഡൻറിനെ രാജ്യത്തേക്ക് മടങ്ങി വരാൻ അനുവദിക്കില്ലെന്ന് ഇറാൻ അനുകൂല മിലീഷ്യ വിഭാഗം ട്വിറ്ററിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതു തള്ളിയാണ് ട്രംപുമായി ഇറാഖിലെ യു.എസ് സൈനീക സാന്നിധ്യത്തെ കുറിച്ച് ബർഹാം സാലിഹ് ചർച്ച നടത്തിയത്.