LiveTV

Live

Gulf

ഹൂതി മിസൈലാക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ 

ഞായറാഴ്ച യമൻ മാരിബ് പ്രവിശ്യയിലെ പള്ളിയിൽ നടന്ന മിസൈലാക്രമണത്തിൽ 116 യമൻ സൈനികരാണ് കൊല്ലപ്പെട്ടത്

ഹൂതി മിസൈലാക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ 

യമൻ സൈനികർ കൊല്ലപ്പെട്ട ഹൂതികളുടെ മിസൈലാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഞായറാഴ്ച യമൻ മാരിബ് പ്രവിശ്യയിലെ പള്ളിയിൽ നടന്ന മിസൈലാക്രമണത്തിൽ 116 യമൻ സൈനികരാണ് കൊല്ലപ്പെട്ടത്. നിരവധി സൈനികര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ സായുധ വിമത വിഭാഗമായ ഹൂതികളാണെന്ന് വെളിപ്പെട്ടിരുന്നു.

ശനിയാഴ്ച വൈകിട്ടായിരുന്നു ആക്രമണം. സൈനിക ക്യാമ്പിനുള്ളിലായതിനാൽ വിവരം പുറത്തെത്താൻ വൈകിയിരുന്നു. ക്യാമ്പിനുള്ളിലെ പള്ളിയുടെ നേർക്കായിരുന്നു മിസൈലാക്രമണം. വൈകിട്ട് പ്രാര്‍ഥനക്കായി പള്ളിയിലെത്തിയതായിരുന്നു യമന്‍ സൈനികര്‍. തലസ്ഥാനമായ സന്‍ആയില്‍ നിന്നും 170 കിലോമീറ്റർ അകലെയാണ് മാരിബ് പ്രവിശ്യയിലെ സൈനിക ക്യാമ്പ്. മിസൈല്‍ പതിച്ചതോടെ സൈനികര്‍ ചിഹ്നഭിന്നമായി. 83 പേരുടെ മരണമാണ് അപ്പോൾ സ്ഥിരീകരിച്ചതെങ്കിലും മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നടന്നത് ഭീകരാക്രമണമാണെന്നും ആക്രമണം നടത്താൻ ആരാധാനലയം തന്നെ തെരഞ്ഞെടുത്തത് ദേവാലയത്തിൻെറ പരിശുദ്ധിയെ കളങ്കപ്പെടുത്താൻ മടിയില്ലാത്ത ഭീകരരുടെ മാനസികാവസ്ഥ വെളിപ്പെടുത്തുന്നതാണെന്നും രക്തദാഹികളായി മാറിയിരിക്കുകയാണെന്നും സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

സൗദി പ്രസ് ഏജൻസിയാണ് പ്രസ്താവന പുറത്തുവിട്ടത്. യമനിൽ രാഷ്ട്രീയ പരിഹാരത്തിനുവേണ്ടിയുള്ള രാജ്യാന്തര ശ്രമങ്ങളെ തകർക്കുന്ന ദുഷ്ചെയ്തിയാണ് ഭീകരന്മാരിൽ നിന്നുണ്ടായതെന്നും പ്രസ്താവന കൂട്ടിച്ചേർത്തു. സൗദി അറേബ്യ യമനിലെ സ്ഥിരതക്ക് വേണ്ടി അടിയുറച്ച് നിലകൊള്ളുകയാണ്. എന്നാൽ അതിന് വേണ്ടിയുള്ള രാഷ്ട്രീയ പരിഹാരശ്രമങ്ങളെ തുരങ്കം വെക്കാനുള്ള ചെയ്തികളാണ് ഭീകരചേരിയിൽ നിന്നുണ്ടായികൊണ്ടിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ പരലോകമോക്ഷത്തിനായി പ്രാർഥിക്കുകയും പരിക്കേറ്റവർ വളരെ വേഗം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചുവരാൻ ആശംസിക്കുകയും ചെയ്യുന്നതായും പ്രസ്താവനയിൽ പറഞ്ഞു.