LiveTV

Live

Gulf

ആഗോള എണ്ണവിപണിയിൽ നിരക്കുവർധന; ബാരലിന് 66 ഡോളർ  

ലിബിയയിലെ ആഭ്യന്തര സംഘർഷത്തെ തുടർന്ന് രാജ്യത്തെ പ്രധാന എണ്ണകേന്ദ്രങ്ങൾ അടച്ചിട്ടതാണ് നിരക്കുവർധനക്ക് പ്രധാന കാരണം

ആഗോള എണ്ണവിപണിയിൽ നിരക്കുവർധന; ബാരലിന് 66 ഡോളർ  

ആഗോള വിപണിയിൽ ഇന്ധനനിരക്ക് വീണ്ടും കൂടുന്നു. ലിബിയയിലെ ആഭ്യന്തര സംഘർഷത്തെ തുടർന്ന് രാജ്യത്തെ പ്രധാന എണ്ണകേന്ദ്രങ്ങൾ അടച്ചിട്ടതാണ് നിരക്കുവർധനക്ക് പ്രധാന കാരണം. ഒപെക് ഉൽപാദനം കുറച്ച സാഹചര്യത്തിൽ വിലവർധന തുടർന്നേക്കുമെന്നാണ് സൂചന. ഒരാഴ്ചക്കുള്ളിൽ ഇതാദ്യമായാണ് ആഗോള എണ്ണവിപണിയിൽ എണ്ണവില ഉയരുന്നത്. ബാരലിന് 66 ഡോളറാണ് ഇന്നത്തെ നിരക്ക്.

ഇറാനും അമേരിക്കയും തമ്മിൽ രൂക്ഷമായ സംഘർഷം നിലനിന്ന ജനുവരിയുടെ തുടക്കത്തിൽ നിരക്ക് ഗണ്യമായി ഉയർന്നിരുന്നെങ്കിലും പിന്നീട് സന്തുലിതത്വം കൈവരിക്കുകയായിരുന്നു. ലിബിയയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് എണ്ണകേന്ദ്രങ്ങളിലാണ് ഉൽപാദനം നിർത്തി വെച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ പ്രതിസന്ധി പരിഹരിക്കാനുള്ള തിരക്കിട്ട നീക്കം നടക്കുന്നുണ്ടെങ്കിലും ഉൽപാദനം പുനരാരംഭിക്കാൻ സമയമെടുക്കും.

വിപണിയിൽ എണ്ണലഭ്യത കുറഞ്ഞിരിക്കെ, സൗദി അറേബ്യ ഉൾപ്പെടെയുള്ള പ്രധാന ഉൽപാദക രാജ്യങ്ങളുടെ തീരുമാനവും നിർണായകമാണ്. ഉൽപാദനം ഉയർത്തി ആവശ്യകത പൂർത്തീകരിക്കാൻ ഒപെക് തീരുമാനിക്കുകയാണെങ്കിൽ വില കുറയും. യെമൻ, ഇറാഖ്, ലബനാൻ ഉൾപ്പെടെ മേഖലയിൽ തുടരുന്ന രാഷ്ട്രീയ സംഘർഷങ്ങളും എണ്ണവിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.