LiveTV

Live

Gulf

ഗൾഫ് വളർച്ചാ നിരക്ക് കുറയും; സംഘർഷവും എണ്ണ ഉൽപാദന കുറവും തിരിച്ചടി

അടുത്ത വർഷം നില മെച്ചപ്പെടുമെന്ന് ഐ.എം.എഫ്

ഗൾഫ് വളർച്ചാ നിരക്ക് കുറയും; സംഘർഷവും എണ്ണ ഉൽപാദന കുറവും തിരിച്ചടി

നടപ്പു വർഷം ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ സാമ്പത്തിക വളർച്ചയിൽ തിരിച്ചടിക്ക് ഐ.എം.എഫ്. മേഖലയിൽ തുടരുന്ന രാഷ്ട്രീയ സംഘർഷങ്ങളും എണ്ണ ഉൽപാദനം കുറച്ചുകൊണ്ടുള്ള ഒപെക് തീരുമാനവുമാണ് വളർച്ചാ തോത് കുറയാൻ പ്രധാന കാരണം. എന്നാൽ അടുത്ത വർഷം കുറേക്കൂടി ഭേദമായിരിക്കും സാമ്പത്തിക സ്ഥിതിയെന്നാണ് ഐ.എം.എഫ് വിലയിരുത്തൽ.

നടപ്പുവർഷം 2.8 ശതമാനം വളർച്ചാനിരക്കായിരുന്നു മേഖല പ്രതീക്ഷിച്ചത്. രാഷ്ട്രീയകാലുഷ്യം, എണ്ണ ഉൽപാനത്തിലെ കുറവ്, നേരിട്ടുള്ള വിദേശനിക്ഷേപത്തിലെ തിരിച്ചടി എന്നിവ പ്രതീക്ഷ തകർത്തുവെന്ന് ഐ.എം.എഫ് പുറത്തിറക്കിയ വേൾഡ് ഔട്ട്ലുക് റിപ്പോർട്ട് വ്യക്തമാക്കി. എണ്ണ ഉൽപാദനം ഈ വർഷവും തുടരാനുള്ള പ്രധാന ഉൽപാദക രാജ്യമായ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഒപെക് കൈക്കൊണ്ട തീരുമാനമാണ് വളർച്ചാ നിരക്കിനെ പ്രധാനമായും ബാധിച്ചതെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പറഞ്ഞു. അതേ സമയം അടുത്ത വർഷം 3.2 ശതമാനം വളർച്ചാനിരക്കിലേക്ക് മേഖലയുടെ സമ്പദ് ഘടന മെച്ചപ്പെടുമെന്നാണ് ഐ.എം.എഫ് പ്രവചനം.

അനുകൂല രാഷ്ട്രീയ കാലാവസ്ഥയിലേക്ക് പശ്ചിമേഷ്യക്ക് വന്നെത്താൻ സാധിച്ചാൽ ആഗോള എണ്ണവിപണിയിൽ നിരക്കുവർധന രൂപപ്പെടുകയും അത് ഉൽപാദക രാജ്യങ്ങൾക്ക് വരുമാനനേട്ടം ഉറപ്പാക്കുകയും ചെയ്യും. ഇറാനും അമേരിക്കയുമായുള്ള സംഘർഷത്തിനു പുറമെ ലബനാൻ, സിറിയ, ലിബിയ, യെമൻ ആഭ്യന്തര പ്രതിസന്ധികളും പല രാജ്യങ്ങളുടെ സമ്പദ്ഘടനക്കും വലിയ തിരിച്ചടിയാണ്. ആഗോള തലത്തിൽ രൂപപ്പെട്ട സാമ്പത്തിക മാന്ദ്യവും പരോക്ഷമായി ഗൾഫ് സമ്പദ്ഘടനയെ ബാധിച്ചുവെന്നാണ് ഐ.എം.എഫ് കണ്ടെത്തൽ. കൂടുതൽ വിദേശനിക്ഷേപം ആർജിക്കാനുള്ള നീക്കത്തിനും മാന്ദ്യം തിരിച്ചടിയായിട്ടുണ്ട്.