LiveTV

Live

Gulf

ജിദ്ദ-മക്ക ചെക്ക് പോസ്റ്റ് വിപുലീകരിക്കുന്നു

റമദാനിന് മുമ്പായി തന്നെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം

ജിദ്ദ-മക്ക ചെക്ക് പോസ്റ്റ് വിപുലീകരിക്കുന്നു

സൗദിയില്‍ ജിദ്ദ-മക്ക എക്‌സ്പ്രസ് വേയിലുള്ള ശുമൈസി ചെക്ക് പോസ്റ്റ് വിപുലീകരിക്കുന്നു. അത്യാധുനിക സംവിധാനങ്ങളോടെയാണ് ചെക്ക് പോസ്റ്റ് വിപുലീകരിക്കുന്നത്. മക്ക മേഖല വികസന അതോറിറ്റിയാണ് വികസന പദ്ധതി നടപ്പിലാക്കുക.

മക്ക ഗവര്‍ണ്ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനാണ് ചെക്ക് പോസ്റ്റ് വിപുലീകരിക്കുന്നതിനായി നിര്‍ദേശം നല്‍കിയത്. പദ്ധതി നടപ്പിലാകുന്നതോടെ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചായിരിക്കും വാഹന പരിശോധനകള്‍ നടത്തുക. ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ ദീര്‍ഘനേരം പരിശോധനക്കായി വാഹനങ്ങളിൽ കാത്തിരിക്കേണ്ട അവസ്ഥക്ക് ഇതോടെ പരിഹാരമാകും. മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്റെ മേല്‍നോട്ടത്തിലാണ് വികസനപദ്ധതി നടപ്പിലാക്കുന്നത്.

റമദാനിന് മുമ്പായി തന്നെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. രണ്ടാഴ്ച കൊണ്ട് നിര്‍മാണ ജോലികളുടെ 15 ശതമാനത്തോളം ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ചെക്ക് പോസ്റ്റില്‍ വാഹനങ്ങള്‍ക്കുള്ള ട്രാക്കുകളുടെ എണ്ണം 16 ആയി ഉയര്‍ത്തും. അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകള്‍, വിശാലമായ മസ്ജിദ്, സിവില്‍ ഡിഫന്‍സ് സെന്റര്‍, റെഡ് ക്രസന്റ് സെന്റര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ശുമൈസിയില്‍ ഒരുക്കുന്നുണ്ട്.