LiveTV

Live

Gulf

അബൂദബിയില്‍ ബസപകടം; ആറ് പേര്‍ മരിച്ചു, 19 പേര്‍ക്ക് പരിക്ക്

ട്രെയിലറിന് പിന്നില്‍ ബസിടിച്ചാണ് അപകടം

അബൂദബിയില്‍ ബസപകടം; ആറ് പേര്‍ മരിച്ചു, 19 പേര്‍ക്ക് പരിക്ക്

അബൂദബിയില്‍ ഇന്ന് രാവിലെയുണ്ടായ ബസപകടത്തില്‍ ആറ് പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പെട്ടവര്‍ ഏറെയും നേപ്പാള്‍ സ്വദേശികളാണ്. ഹൈവേയില്‍ പൊടുന്നനെ നിര്‍ത്തിയ ട്രെയിലറിന് പിന്നില്‍ ബസ് പാഞ്ഞ് കയറിയാണ് അപകടം.

ഇന്ന് രാവിലെ ആറരക്ക് അല്‍റഹ ബീച്ചിന് സമീപമായിരുന്നു അപകടം. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റില്‍ ദുബൈ ദിശയില്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. അശ്രദ്ധമായി ഓടിച്ച മറ്റൊരു കാറാണ് അപകടത്തിന് കാരണമായതെന്ന് അബൂദബി പൊലീസ് പറഞ്ഞു. ഇത് വ്യക്തമാക്കുന്ന വീഡിയോയും പൊലീസ് പുറത്തുവിട്ടു. ട്രെയിലറുകള്‍ക്ക് മുന്നിലേക്ക് ഈ കാര്‍ കടന്നുവന്നതിനാല്‍ പിന്നില്‍ സഞ്ചരിച്ചിരുന്ന രണ്ട് ട്രെയിലറുകള്‍ പൊടുന്നനെ റോഡില്‍ നിര്‍ത്തേണ്ടി വന്നു. ഹസാര്‍ഡ് സിഗ്നലിട്ട് നിര്‍ത്തിയിട്ട ട്രെയിലറിലേക്ക് പിന്നാലെ പാഞ്ഞു വന്ന ബസ് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തില്‍ മരിച്ചവരുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മരിച്ചവരിലും പരിക്കേറ്റവരിലും ഏഷ്യക്കാരും ആഫ്രിക്കക്കാരും ഉള്‍പ്പെടുന്നതായി അധികൃതര്‍ സൂചന നല്‍കി. അപകടത്തില്‍പെട്ടവരില്‍ 16 പേര്‍ നേപ്പാള്‍ സ്വദേശികളാണെന്ന് അബൂദബിയിലെ നേപ്പാള്‍ എംബസി സ്ഥിരീകരിച്ചു.