ഇറാന്റെ തിരിച്ചടി; ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം
ഇറാഖിൽ താമസിക്കുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും ഇറാഖിനുള്ളിലൂടെ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

ഇറാന്റെ തിരിച്ചടിക്ക് പിന്നാലെ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം. ഇറാന്, ഇറാഖ് എന്നിവിടുങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെക്കാന്‍ ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്കി. ആക്രമണത്തിനുശേഷം എണ്ണവിലയും സ്വര്‍ണവിലയും കൂടി.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവെക്കാന്‍ യു.എസ് വ്യോമയാന അതോറിറ്റി ആവശ്യപ്പെട്ടു. ഗള്‍ഫ് തീരത്തിലൂടെയുള്ള ജലഗതാഗതത്തിനും അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തി. എയര്‍ഫ്രാന്‍സ്, കെ.എല്‍.എം,ലുഫ്താന്‍സ, ഫെഡറല്‍ എയര്‍ എന്നീ വിമാന കമ്പനികളും ഇറാന്, ഇറാഖ് ആകാശ പാതയിലൂടെയുള്ള സര്‍വീസ് നിര്‍ത്തിവെച്ചു.

യൂറോപിനും ഏഷ്യക്കുമിടയിലെ പ്രധാന വ്യോമപാതയായതിനാല് സര്‍വീസ് നിര്‍ത്തിവെക്കാന്‍ കൂടുതല്‍ വിമാനക്കമ്പനികള്‍ നിര്‍ബന്ധിതരായേക്കുമെന്നാണ് സൂചന.ഇറാഖിലേക്കും ഇറാനിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യയും വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്കി.
ഇറാഖിൽ താമസിക്കുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും ഇറാഖിനുള്ളിലൂടെ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്റെ ആക്രമണത്തിനു തൊട്ടുപിന്നാലെ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയില്‍ വിലവര്‍ധനയുണ്ടായി. ബാരലിന് 70 ഡോളറില്‍ കൂടുതലാണ് വില. സ്വര്‍ണത്തിനും വിലകൂടി. കൊല്ലപ്പെട്ട ഇറാന് സൈനിക കമാന്‍ഡല്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം ഇന്ന് ഖബറടക്കി.