LiveTV

Live

Gulf

ഖാസിം സുലൈമാനിയുടെ വധം: ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യം ഒഴിവാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഇടപെടല്‍

ഖാസിം സുലൈമാനിയുടെ വധം: ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യം ഒഴിവാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഇടപെടല്‍

ഖാസിം സുലൈമാനിയുടെ വധത്തെത്തുടര്‍ന്ന് ഗൾഫ് മേഖലയിൽ രൂപപ്പെട്ട യുദ്ധസാഹചര്യം ഒഴിവാക്കണമെന്ന് സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് ആവശ്യപ്പെട്ടു. മേഖലയിൽ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ അറിയിച്ചു. അതേ സമയം മുഴുവന്‍ അമേരിക്കന്‍ സൈന്യത്തെയും ഇറാന്‍ ഭീകരസംഘടനകളായി പ്രഖ്യാപിച്ചു.

സൗദി ഉപ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ യു.എസ് സെക്രട്ടറി മൈക് പോംപെയോ, യു.എസ് പ്രതിരോധ സെക്രട്ടറി മൈക് എസ്പർ, യു.എസ് സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയാൻ എന്നിവരെ നേരിൽ കണ്ടാണ് യുദ്ധസാഹചര്യം ഒഴിവാക്കണമെന്ന് നിർദേശിച്ചത്. പ്രകാേപന നടപടികൾ ഗൾഫ് മേഖലയുടെ സുരക്ഷ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പും സൗദി മന്ത്രി നൽകി. ഇറാനുമായി അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ലെന്നാണ് മൈക് പോംപെയോ വ്യക്തമാക്കിയതെന്ന് ചർച്ചയെ തുടർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ സ്റ്റേറ്റ് വകുപ്പ് അറിയിച്ചു. സംഘർഷം ലഘൂകരിക്കാൻ യു.എസ് സന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുണ്ട്.

എന്നാൽ യു.എൻ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫിന് അമേരിക്ക വിസ നിഷേധിച്ചു. ഗൾഫ് മേഖലയിൽ നിരന്തര സംഘർഷം രൂപപ്പെടുത്താൻ ആസൂത്രിത നീക്കങ്ങളാണ് അമേരിക്ക തുടരുന്നതെന്നും അയൽ രാജ്യങ്ങളുമായി സൗഹാർദത്തിന്റെയും സഹകരണത്തിന്റെയും സമീപനമാണ് ഇറാൻ പുലർത്തുന്നതെന്നും ജവാദ് ശരീഫ് വ്യക്തമാക്കി.

അതിനിടെ, ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ യു.എസ് ഭരണണേതൃത്വത്തിൽ അവ്യക്തത തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നത് കരട് മാത്രമാണെന്നും കത്തല്ലെന്നും പെന്റഗൺ അറിയിച്ചു.

യു.എസ് നടപടിക്കെതിരെ ലോക രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ അമേരിക്കയും ഇറാനും തിരക്കിട്ട നീക്കത്തിലാണ്. ബ്രസൽസിൽ ചേരുന്ന നാറ്റോ നേതാക്കളുടെ യോഗത്തിലാണ് യു.എസ് പ്രതീക്ഷ. വെള്ളിയാഴ്ചയാണ് ഇറാൻ പ്രശ്നം ചർച്ച ചെയ്യാൻ യൂറോപ്യൻ യൂനിയൻ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര സമ്മേളനം വിളിച്ചിരിക്കുന്നത്. ഗൾഫ് മേഖലക്ക് ചെയ്യുന്ന നടപടികളിൽ നിന്ന് ഇരുകൂട്ടരും വിട്ടുനിൽക്കണമെന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും ആവശ്യപ്പെട്ടു.