അബൂദബിയില്‍ പകര്‍ച്ചപ്പനി വര്‍ധിക്കുന്നു; സൗജന്യ പ്രതിരോധ കുത്തിവെപ്പിന് നിര്‍ദേശം
പ്രവാസികള്‍ക്കും വാക്സിനേഷന് ലഭിക്കും

കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി അബൂദബിയില്‍ പകര്‍ച്ചപ്പനി പടരുന്നു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ കുത്തിവെപ്പ് നല്‍കും. ആശുപത്രികളില്‍ ഇതിനായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തണുപ്പ് കാലം ആരംഭിച്ചതോടെ പനിയും ജലദോഷവും അനുബന്ധ രോഗങ്ങളുമായി ചികില്‍സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണെന്ന് ആരോഗ്യരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളില്‍ നിന്ന് പനിയുമായാണ് കുട്ടികള്‍ വീടുകളിലെത്തുന്നത്. ചികില്‍സതേടുന്ന മുതിര്‍ന്നവരുടെ എണ്ണവും കുറവല്ല. ഈ സാഹചര്യത്തിലാണ് സൗജന്യ ഫ്ലൂ വാക്സിനേഷന് പ്രയോജനപ്പെടുത്താന്‍ അബൂദബി ഹെല്‍ത്ത് അതോറിറ്റി നിര്‍ദേശിക്കുന്നത്.
അബൂദബി നഗരത്തിലെ എല്ലാ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും അബൂദബി വിസക്കാരായ താമസക്കാർക്ക് സൗജന്യ ഫ്ളൂ വാക്സിൻ ലഭ്യമാണ്. 80050 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിച്ചാൽ കുത്തിവെപ്പ് ബുക്ക് ചെയ്യാം. വാക്സിനേഷന് എത്തുന്നവര്‍ എമിറേറ്റ്സ് ഐ.ഡി കൈയില്‍ കരുതണം.