ജിദ്ദയിലേക്ക് പുതിയ കോണ്‍സല്‍ ജനറൽ; ഡോ. സദറെ ആലം കോണ്‍സല്‍ ജനറലായി നിയമിതനാകും
പുതിയ കോണ്‍സല്‍ ജനറലെത്തുന്നത് എത്തുന്നത് ജനീവയിൽ നിന്ന്. അടുത്ത മാസം ആദ്യ വനിത കോൺസലുമെത്തും.

ജിദ്ദയിലെ പുതിയ കോണ്‍സല്‍ ജനറലായി ഡോ. സദറെ ആലം നിയമിതനാകും. നിലവിലെ കോണ്‍സല്‍ ജനറൽ ദൽഹി വിദേശകാര്യമന്ത്രാലയത്തിൽ തിരികെ പ്രവേശിക്കും. ജനീവ ഇന്ത്യൻ കോണ്‍സുലേറ്റിലെ ഫസ്റ്റ് സെക്രട്ടറിയാണ് നിലവിൽ ഡോ. സദറെ ആലം.
ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും റാങ്കോടെ മെഡിക്കൽ ബിരുദമെടുത്ത ശേഷം ഇന്ത്യൻ വിദേശകാര്യ സർവ്വീസിലെത്തിയതാണ് ഡോ. സദറെ ആലം. നിലവിൽ ജനീവ ഇന്ത്യൻ കോൺസുലേറ്റിലെ ഫസ്റ്റ് സെക്രട്ടറിയാണിദ്ധേഹം. നിലവിലെ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ദൽഹിയിലെ വിദേശകാര്യമന്ത്രാലയ ആസ്ഥാനത്തേക്ക് തിരിക്കും. ഇതിന് പകരമായാണ് ബീഹാർ സ്വദേശിയായ ഡോ. സദറെ ആലം നിയമിതനാകുന്നത്. നേരത്തെ ഇന്ത്യൻ ഹജ്ജ് കോൺസലായിരുന്ന മുഹമ്മദ് നൂർ റഹ്മാൻ ശെഖ് 2016 ലാണ് കോൺസൽ ജനറലായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലേക്ക് തിരിച്ചെത്തിയത്.
അതിനിടെ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ആദ്യത്തെ വനിത കോൺസലായി മലയാളിയായ ഹംന മറിയം ഡിസംബർ അഞ്ചിന് ചുമതലയേൽക്കും. കൊമേഴ്സ്യൽ ഇൻഫർമേഷൻ ആന്റ് പ്രസ് കോണ്സുലായാണ് ഹംനാ മറിയമെത്തുന്നത്. മുൻ കോൺസൽ മോയിൻ അഖ്തർ ദൽഹി വിദേശകാര്യ ആസ്ഥാനത്ത് തിരികെ പ്രവേശിച്ചതിന് പകരമായിട്ടാണ് ഹംന മറിയമിൻ്റെ നിയമനം. കോഴിക്കോട്ടെ ശിശുരോഗവിദഗ്ധൻ ഡോ. ടി.പി. അഷ്റഫിൻറെയും കോഴിക്കോട് മെഡി. കോളജിലെ ഫിസിയോളജിസ്റ്റ് ഡോ.പി.വി ജൗഹറയുടെയും മകളാണ് ഹംന മറിയം.