LiveTV

Live

Gulf

കാലാവധി തീർന്ന ‘ഫൈനൽ എക്സിറ്റ് വിസ’ റദ്ദാക്കൽ; ആയിരം റിയാൽ പിഴ

മൂന്ന് പ്രാവശ്യം താമസരേഖ പുതുക്കുന്നത് വൈകിയാൽ നാടുകടത്തും.

കാലാവധി തീർന്ന ‘ഫൈനൽ എക്സിറ്റ് വിസ’ റദ്ദാക്കൽ; ആയിരം റിയാൽ പിഴ

സൗദിയിൽ ഇനിമുതൽ കാലാവധി തീർന്ന ഫൈനൽ എക്സിറ്റ് വിസ റദ്ദാക്കാൻ ആയിരം റിയാൽ പിഴ അടക്കേണ്ടിവരും. റീ-എൻട്രി വിസയിൽ നാട്ടിലെത്തി കാലാവധി കഴിയുന്നതിനു മുമ്പ് തിരിച്ചുപോയില്ലെങ്കിൽ അത്തരം ആളുകൾക്ക് മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നും സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

ഫൈനൽ എക്സിറ്റ് വിസ ലഭിച്ചതിനു ശേഷം 2 മാസത്തിനുള്ളിൽ രാജ്യം വിടണമെന്നാണ് നിലവിലെ നിയമം. എന്നാൽ ഈ കാലാവധിക്കുള്ളിൽ രാജ്യം വിട്ടില്ലെങ്കിൽ പിന്നീട് ഈ വിസ റദ്ദാക്കുന്നതിനും പുതിയ എക്സിറ്റ് വിസ അടിക്കുന്നതിനുമായി 1000 റിയാൽ പിഴ ചുമത്തും. താമസരേഖയിൽ കാലാവധി ഉണ്ടെങ്കിൽ മാത്രമേ എക്സിറ്റ് വിസ ലഭിക്കുകയുമുള്ളൂ. റീ എൻട്രി വിസയിൽ രാജ്യത്തിന് പുറത്തുപോയി വിസ കാലാവധി തീരുന്നതിനു മുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ അവർക്കു പിന്നീടുള്ള 3 വർഷത്തിനുള്ളിൽ വീണ്ടും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. വിസ കാലാവധി അവസാനിച്ചു 2 മാസങ്ങൾ കൂടി കഴിഞ്ഞാൽ അത്തരം ആളുകളുടെ വിവരങ്ങൾ പാസ്പോര്‍ട് വിഭാഗം കമ്പ്യൂട്ടർ സിസ്റ്റത്തിൽ രാജ്യത്തിന് പുറത്തുപോയി തിരിച്ചെത്തിയില്ല എന്ന രീതിയിൽ സ്വമേധയാ തന്നെ മാറും. അത്തരം ആളുകൾക്ക് 3 വർഷത്തിന് ശേഷം നേരത്തെയുണ്ടായിരുന്ന സ്‌പോൺസറുടെ കീഴിൽ തന്നെ സൗദിയിലേക്ക് തിരിച്ചെത്താനാവും. ഒരിക്കൽ ഇഷ്യൂ ചെയ്ത റീ-എൻട്രി വിസയിൽ പിന്നീട് മാറ്റം വരുത്താൻ സാധിക്കില്ല. എന്നാൽ നിലവിലെ റീ-എൻട്രി വിസ റദ്ദാക്കി ആവശ്യമായ ഫീ അടച്ചു പുതിയ വിസ ഇഷ്യൂ ചെയ്യാവുന്നതാണ്. താമസ രേഖ കാലാവധി അവസാനിച്ചു 3 ദിവസം വരെ പിഴയില്ലാതെ പുതുക്കാൻ സാധിക്കും. അതും കഴിഞ്ഞ ശേഷം പുതുക്കുമ്പോൾ ആദ്യ തവണ 500 ഉം രണ്ടാം തവണ 1000 റിയാൽ വീതവും പിഴ അടക്കേണ്ടിവരും. ഇത് മൂന്നാം തവണയും ആവർത്തിച്ചാൽ അത്തരക്കാരെ നാടുകടത്തുമെന്നും സൗദി ജവാസാത്ത് വ്യത്തങ്ങൾ അറിയിച്ചു.