LiveTV

Live

Gulf

കടക്കെണിയിൽ പെട്ടവര്‍ക്കൊരു കൈത്താങ്ങായി യു.എ.ഇയില്‍ പുതിയ നിയമം

ജയിൽവാസം ഒഴിവാക്കി കടം വീട്ടാനുള്ള വഴികൾ കണ്ടെത്തുന്ന നിയമം നൂറുകണക്കിനാളുകൾക്ക് ഗുണം ചെയ്യും എന്നാണ് വിലയിരുത്തൽ

കടക്കെണിയിൽ പെട്ടവര്‍ക്കൊരു കൈത്താങ്ങായി യു.എ.ഇയില്‍ പുതിയ നിയമം

കടക്കെണിയിൽ പെട്ടവർക്ക് തുണയാവുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇ ആവിഷ്കരിച്ച നിയമത്തിന് വ്യാപക പിന്തുണ. ജനുവരി മുതൽ നടപ്പിലാകുന്ന നിയമത്തിന്‍റെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ജയിൽവാസം ഒഴിവാക്കി കടം വീട്ടാനുള്ള വഴികൾ കണ്ടെത്തുന്ന നിയമം നൂറുകണക്കിനാളുകൾക്ക് ഗുണം ചെയ്യും എന്നാണ് വിലയിരുത്തൽ. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കുറ്റവാളിയായി മാറുന്ന സാഹചര്യം ഇല്ലാതാക്കുക, ജോലിയും ബിസിനസും ചെയ്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള അവസരം വ്യക്തികൾക്ക് ഒരുക്കക എന്നിവയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.

ഈ സമയത്ത് ബാങ്കിൽനിന്ന് വായ്പ എടുക്കാനോ ചെക്കു നൽകാനോ വിലക്ക് ഉണ്ടാകില്ല. കടബാധ്യത നിശ്ചിത സമയത്തിനുളളിൽ തീർക്കാനുള്ള സാവകാശം വ്യക്തികൾക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യം. സിവിൽ നടപടിക്രമങ്ങളിലും പൊലീസ് ചെക്ക് കേസുകളിലും പെട്ട് വലയുന്നവർ പ്രതീക്ഷയോടെയാണ് നിയമത്തെ ഉറ്റുനോക്കുന്നത്. യു.എ.ഇയിലെ ബിസിനസ് രംഗത്തുള്ളവരും നിയമത്തെ സ്വാഗതം ചെയ്യുകയാണ്. കിട്ടാനും കൊടുക്കാനുമുള്ള പണത്തിന്റെ വിശദ റിപ്പോർട്ട് സിവിൽ കോടതിക്ക് സമർപ്പിച്ചു വേണം സർക്കാർ വക സമിതിക്ക് പരാതി നൽകേണ്ടത്. സമിതിയാണ് ഓരോ കേസിലും തീർപ്പ് കൽപ്പിക്കുക. പാപ്പരത്ത നിയമ നടപടിക്രമം അനുസരിച്ച് 3 വർഷത്തെ സാവകാശമാകും നൽകുക.ഇതിനകം കടം തീർത്തിരിക്കണം. ഈ ഘട്ടത്തിൽ നിയമനടപടികൾ നിർത്തി വെക്കും. കടംവീട്ടാൻ മതിയായ സാവകാശം നൽകുകയും കിട്ടാനുള്ളയാൾക്ക് പണം നഷ്ടപ്പെടാത്ത സാഹചര്യം രൂപപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് നിയമത്തിന്‍റെ പ്രത്യേകതയാണ്.