LiveTV

Live

Gulf

അറബ് രാജ്യങ്ങളില്‍ നിന്ന് ചികിത്സക്കായി എത്തുന്നവര്‍ക്ക് വിസ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യ

വിസാ നിയമം ഉദാരമാക്കുന്നതിലൂടെ കൂടുതൽ പേരെ ആകർഷിക്കാനും ഇന്ത്യക്ക് സാധിക്കും.

അറബ് രാജ്യങ്ങളില്‍ നിന്ന്  ചികിത്സക്കായി എത്തുന്നവര്‍ക്ക് വിസ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യ

യു.എ.ഇ ഉൾപ്പെടെ അറബ് രാജ്യങ്ങളിൽ നിന്ന് ചികിൽസ തേടി ഇന്ത്യയിൽ എത്തുന്നവർക്ക് വിസാ നിയമം ഉദാരമാക്കാൻ കേന്ദ്രതീരുമാനം. ഇന്ത്യയിലെ ഏത് ആരോഗ്യ കേന്ദ്രങ്ങളിലും വിദേശികൾക്ക് ചികിൽസ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ യു.എ.ഇ പൗരൻമാർക്ക് ഓൺ അറൈവൽ വിസാ സൗകര്യം കഴിഞ്ഞ ദിവസമാണ് നിലവിൽ വന്നത്.

വിദേശത്തു നിന്നുള്ളവരുടെ പ്രാഥമിക വിസ മെഡിക്കൽ വിസയിലേക്ക് മാറ്റാനുള്ള നിലവിലെ നിയമതടസം നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. മെഡിക്കൽ വിസാ നയം ഉദാരമാക്കുന്നതാണ് തീരുമാനം. ഇതുപ്രകാരം വിദേശികൾക്ക് തങ്ങളുടെ സാധാരണ വിസ മെഡിക്കൽ വിസയിലേക്ക് മാറ്റാനും ഇന്ത്യയിലെ ഹോസ്പിറ്റലുകളിൽ 180 ദിവസം വരെ തങ്ങാനും സാധിക്കും.

പ്രധാന ഹോസ്പിറ്റലുകൾ, മെഡിക്കൽ ഏജൻസികൾ എന്നിവ മുഖേന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. കുറഞ്ഞ നിരക്കിൽ വിദഗ്ധ ചികിൽസ ലഭിക്കുന്നതിനാൽ വിദേശത്തു നിന്നും ആയിരക്കണക്കിന് രോഗികളാണ് ഇന്ത്യയിലെത്തുന്നത്. വിസാ നിയമം ഉദാരമാക്കുന്നതിലൂടെ കൂടുതൽ പേരെ ആകർഷിക്കാനും ഇന്ത്യക്ക് സാധിക്കും.

അതിനിടെ, ഈ മാസം 16 മുതൽ യു.എ.ഇ പൗരൻമാർക്ക് ഓൺ അറൈവൽ വിസയും ഇന്ത്യ നടപ്പാക്കി. ഡബിൾ എൻട്രി സൗകര്യത്തിൽ രണ്ടു മാസക്കാലത്തെ വിസാ സൗകര്യമാണ് യു.എ.ഇ പൗരൻമാർക്ക് അനുവദിച്ചത്. നേരത്തേ 2 മാസ കാലാവധിയുണ്ടായിരുന്ന ഇ - വിസ നടപ്പു വർഷാദ്യം ഒരു വർഷമാക്കിയും ഉയർത്തിയിരുന്നു.