LiveTV

Live

Gulf

സൗദിയിൽ ഇനി ലേബർ വിസയില്ല; തൊഴിലാളികൾ പരീക്ഷയെഴുതേണ്ടിവരും

വിദേശ ജോലിക്കാർക്കായി പുതുതായി ആരംഭിക്കുന്ന തൊഴിൽ നൈപുണ്യ പരീക്ഷ പദ്ധതിയനുസരിച്ചായിരിക്കും ഇനിമുതൽ തൊഴിലാളികളുടെ വിസകൾ ഇഷ്യൂ ചെയ്യുക

സൗദിയിൽ ഇനി ലേബർ വിസയില്ല; തൊഴിലാളികൾ പരീക്ഷയെഴുതേണ്ടിവരും

സൗദിയിൽ ലേബർ എന്ന പേരിലുള്ള വിസ നിർത്തലാക്കുന്നു. വിദേശ ജോലിക്കാർക്കായി പുതുതായി ആരംഭിക്കുന്ന തൊഴിൽ നൈപുണ്യ പരീക്ഷ പദ്ധതിയനുസരിച്ചായിരിക്കും ഇനിമുതൽ തൊഴിലാളികളുടെ വിസകൾ ഇഷ്യൂ ചെയ്യുക. അടുത്ത മാസത്തോടെ ഇന്ത്യൻ തൊഴിലാളികൾക്കിടയിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. വിദേശ തൊഴിലാളികൾക്കിടയിൽ തൊഴിൽരംഗത്ത് ഗുണമേന്മ വർധിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുള്ളതാണ് പുതിയ പദ്ധതി.

സൗദിയില്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള വിവാഹം നിരോധിക്കും; നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍  
Also Read

സൗദിയില്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള വിവാഹം നിരോധിക്കും; നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍  

തൊഴിലാളികൾ അവരുടെ തൊഴിൽ മേഖലയിൽ പ്രത്യേകം നൈപുണ്യ പരീക്ഷയെ അഭിമുഖീകരിക്കേണ്ടിവരും. തൊഴിലാളി എന്നർത്ഥമുള്ള ആമിൽ എന്ന പ്രൊഫഷൻ ഇനി മുതൽ തൊഴിൽ മന്ത്രാലയത്തിന്റെ വിസ സംവിധാനത്തിൽ ഉണ്ടാവില്ല. അടുത്ത മാസം മുതൽ പദ്ധതി ആരംഭിക്കുമെങ്കിലും ഒരു വർഷത്തിന് ശേഷമായിരിക്കും പൂർണമായും നിർബന്ധമാക്കുക.

പ്ലംമ്പിങ്, ഇലക്ട്രിക് തൊഴിൽ മേഖലകളിലായിരിക്കും ആദ്യ മാറ്റങ്ങൾ. അടുത്ത വർഷം ഏപ്രിലിൽ റഫ്രിജറേഷൻ, എയർ കണ്ടീഷനിങ്, വാഹന ഇലക്ട്രിക്കൽ ജോലികൾ, മെക്കാനിക് തുടങ്ങിയ മേഖലകളിലും പദ്ധതി നടപ്പാക്കും. ജൂലൈ മാസം മുതൽ മരപ്പണികൾ, വെൽഡിങ്, ആഭരണ നിർമാണം തുടങ്ങിയവയിലും ഒക്ടോബർ മുതൽ പെയ്ൻറിങ്, തേപ്പ്, ടൈൽസ് ജോലികളിലും അവസാന ഘട്ടമായ 2021 ജനുവരിയിൽ നിർമാണ മേഖല, ഇരുമ്പ് പൈപ്പിങ് ജോലികൾ, മറ്റു സാങ്കേതിക മേഖലകളിലും പദ്ധതി നടപ്പാക്കും. പരീക്ഷയിൽ പാസാകുന്നവർക്കു അഞ്ച് വർഷ കാലാവധിയുള്ള സർട്ടിഫിക്കറ്റായിരിക്കും നൽകുക.

ഭാവിയിൽ രാജ്യത്ത് ജോലി ചെയ്യുന്നതിനും പ്രൊഫഷൻ മാറ്റത്തിനും പുതുക്കുന്നതിനും മറ്റു സർക്കാർ നടപടികൾക്കുമെല്ലാം തൊഴിൽ പരീക്ഷ നിർബന്ധമായിരിക്കും. രാജ്യത്തിനകത്ത് 450 റിയാലിനും 600 റിയാലിനുമിടയിലും വിദേശ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ 100 റിയാലിനും 150 റിയാലിനുമിടയിലായിരിക്കും പരീക്ഷ ഫീസ്. ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, ഇന്തോനോഷ്യ, ഈജിപ്ത്, ബംഗ്ളാദേശ്, പാക്കിസ്ഥാൻ എന്നീ 7 രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കാണ് പരീക്ഷ നടപ്പാക്കുന്നത്. തൊഴിലാളികളുടെ വർധനവ് കണക്കിലെടുത്ത് ഇന്ത്യയിൽ നിന്നുള്ളവർക്കായിരിക്കും ആദ്യം പദ്ധതി നടപ്പാക്കുക.