LiveTV

Live

Gulf

ദുബൈയിൽ വാഹനമോടിക്കുന്നതിനിടെയുള്ള നിയമലംഘനത്തിന് വീണ്ടും പിഴ ഇളവ്

പിഴ വിധിച്ചശേഷം പിന്നീട് ഒരുവിധ റോഡ് നിയമലംഘനവും നടത്താത്തവരാണെങ്കിൽ തുകയുടെ നാലിലൊരു ഭാഗം അടച്ചാൽ മതിയാകുമെന്ന് അധികൃതർ അറിയിച്ചു

ദുബൈയിൽ വാഹനമോടിക്കുന്നതിനിടെയുള്ള നിയമലംഘനത്തിന് വീണ്ടും പിഴ ഇളവ്

ദുബൈയിൽ വാഹനമോടിക്കുന്നതിനിടെ നിയമം ലംഘിച്ചതിന് അടക്കേണ്ട പിഴയിൽ വീണ്ടും ഇളവ്. പിഴ വിധിച്ചശേഷം പിന്നീട് ഒരുവിധ റോഡ് നിയമലംഘനവും നടത്താത്തവരാണെങ്കിൽ തുകയുടെ നാലിലൊരു ഭാഗം അടച്ചാൽ മതിയാകുമെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിൽ ദുബൈ പൊലീസ് പ്രഖ്യാപിച്ച പദ്ധതിയുടെ മൂന്നാം ഘട്ടത്തോടനുബന്ധിച്ചാണ് പുതിയ ഇളവ്.

ഗതാഗത നിയമലംഘനം ആവർത്തിക്കാത്തവരുടെ ഫൈനിലാണ് ഗണ്യമായ ഇളവ് അനുവദിക്കുന്നത്. ഫെബ്രുവരി മുതൽ മൂന്നു മാസത്തേക്ക് 25 ശതമാനം ഇളവ് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പദ്ധതിക്ക് തുടക്കം.

തുടർന്നുള്ള ആറു മാസത്തേക്ക് ഒരു നിയമലംഘനവും വരുത്താത്തവർക്ക് 50 ശതമാനം ഇളവായിരുന്നു നൽകിയിരുന്നത്. ഒമ്പത് മാസത്തേക്ക് നിയമലംഘനം നടത്താത്തവർക്ക് 75 ശതമാനം ഇളവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വർഷം മുഴുവനായി നിയമലംഘനത്തിലൊന്നും പെടാതെ വാഹമോടിക്കുന്നവർക്ക് നൂറു ശതമാനവും ഇളവ് നേടാമെന്നും പദ്ധതി വ്യക്തമാക്കുന്നു.

മൂന്നാം ഘട്ടം ദുബൈ പൊലീസിെൻറ സ്മാർട് ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയുമാണ് ആരംഭിച്ചത്. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഡ്രൈവർമാരുടെ സാമ്പത്തിക പിരിമുറക്കത്തിന് അയവ് വരുത്തുന്നതിനുമായാണ് ഇത്തരം പദ്ധതികളെന്ന് ദുബൈ പൊലീസ് വിശദീകരിച്ചു. പദ്ധതി ആരംഭിച്ചതോടെ വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ എണ്ണവും മരണനിരക്കും കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.