LiveTV

Live

Gulf

യമനില്‍ യു.എന്‍ മധ്യസ്ഥതയില്‍ വീണ്ടും സമാധാന ചര്‍ച്ച

യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് സൌദി അറേബ്യ.

യമനില്‍ യു.എന്‍ മധ്യസ്ഥതയില്‍ വീണ്ടും സമാധാന ചര്‍ച്ച

യമനില്‍ യുദ്ധമവസാനിപ്പിക്കാന്‍ ഹൂതികളുമായി യു.എന്‍‌ മധ്യസ്ഥതയില്‍ വീണ്ടും ശ്രമം തുടങ്ങി. തെക്കന്‍ യമന്‍ വിഭജനവാദികളും യമന്‍ ഭരണകൂടവും സൌദിയില്‍ വെച്ച് സമാധാന കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് നീക്കം. യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് സൌദി അറേബ്യ.

സൌദി കിരീടാവകാശിയുടെ സാന്നിധ്യത്തില്‍ റിയാദില്‍ വെച്ചാണ് തെക്കന്‍ വിഭജനവാദികളുമായി കരാര്‍ ഒപ്പു വെച്ചത്. യു.എ.ഇയും സൌദിയും യമനും ഒന്നിച്ച് നടത്തിയ ചര്‍ച്ചക്കൊടുവിലുണ്ടാക്കിയ ധാരണ പ്രകാരമായിരുന്നു കരാര്‍. യു.എ.ഇ പിന്തുണയുള്ള തെക്കന്‍ വിഭജനവാദികള്‍ തെക്കന്‍ യമന്‍ ആസ്ഥാനമായി പ്രത്യേക രാഷ്ട്രം ആവശ്യപ്പെടുന്നവരാണ്.

ഇതിനായി രൂപീകരിച്ച സതേണ്‍ ട്രാൻസിഷണൽ കൗൺസിലിന് കീഴില്‍ പ്രത്യേക സൈന്യവും ഭരണ പ്രദേശങ്ങളുമുണ്ടായിരുന്നു. സമാധാന കരാര്‍ പ്രകാരം 12 മന്ത്രിമാര്‍ തെക്കന്‍ വിഭജന വാദികള്‍ക്കും 12 പേര്‍ യമന്‍ ഭരണകൂടത്തിനുമുണ്ടാകും. ഇതോടെ യമനിലെ നിലവിലെ സാഹചര്യ പ്രകാരം ഹൂതികള്‍ ഒരു പക്ഷത്തും സൌദിയും യമനും യുഎഇയും മറുപക്ഷത്തുമാണ്.

എങ്കിലും ഏറ്റുമുട്ടലവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. ഇതിനായി യുഎന്‍ നേതൃത്വത്തില്‍ വീണ്ടും ഹൂതികളുമായി ചര്‍ച്ച തുടരും. ഇതിന് സൌദി സഖ്യസേനാ പിന്തുണയുണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര‍്‍ട്ട് ചെയ്തു.