LiveTV

Live

Gulf

അരാംകോ ഓഹരി വിൽപന; സൗദിയുടെ ആഗോള സാമ്പത്തികമേഖലക്ക് ശക്തിപകരുമെന്ന് വിലയിരുത്തൽ

ഊർജത്തിനായുള്ള ആഗോള ആവശ്യം നിറവേറ്റുന്നതിനും വിതരണ രംഗത്തെ സുരക്ഷ നിലനിർത്തുന്നതിനും ഓഹരി വിൽപന സഹായിക്കുമെന്നും മന്ത്രി സഭ വിലയിരുത്തി

അരാംകോ ഓഹരി വിൽപന; സൗദിയുടെ ആഗോള സാമ്പത്തികമേഖലക്ക് ശക്തിപകരുമെന്ന് വിലയിരുത്തൽ

സൗദി അരാംകോ ഓഹരി വിൽപന പ്രഖ്യാപനം രാജ്യത്തിനും ആഗോള സാമ്പത്തിക മേഖലക്കും കൂടുതൽ ശക്തിപകരുമെന്ന് സൗദി മന്ത്രി സഭ. ഊർജത്തിനായുള്ള ആഗോള ആവശ്യം നിറവേറ്റുന്നതിനും വിതരണ രംഗത്തെ സുരക്ഷ നിലനിർത്തുന്നതിനും ഓഹരി വിൽപന സഹായിക്കുമെന്നും മന്ത്രി സഭ വിലയിരുത്തി.

സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിലെ അൽയമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് അരാംകോയുടെ ഓഹരിവിപണി പ്രവേശനം വിലയിരുത്തിയത്. സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിലെ പ്രധാന ഷെയറുകൾ വിൽക്കാനുള്ള തീരുമാനം രാജ്യത്തിനും ആഗോള സാമ്പത്തിക മേഖലക്കും വലിയ ഗുണം ചെയ്യും.

വിഷൻ 2030 യഥാർഥ്യമാകാനുള്ള പ്രധാന ചുവടുവെപ്പുമായിരിക്കുമിത്. ദേശീയ പരിവർത്തന പദ്ധതിയിൽ നിർണയിച്ച സംരഭങ്ങൾ നടപ്പിലാക്കുന്നതിനും പ്രഖ്യാപനം ഗുണം ചെയ്യുമെന്ന് സൗദി മന്ത്രി സഭ വിലയിരുത്തി. ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഫോറം പരിപാടിയിൽ നിരവധി രാഷ്ട്രത്തലവന്മാരുടെയും പ്രധാന മന്ത്രിമാരുടെയും ഗവൺമെൻറ് ഉദ്യോഗസ്ഥരുടെയും പങ്കാളിത്തമുണ്ടായിരുന്നതായി മന്ത്രി സഭ എടുത്തു പറഞ്ഞു. 300 ഓളം വിഐപി വ്യവസായ പ്രമുഖകരും 30 ലധികം രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കമ്പനികളും പരിപാടിയിൽ സംബന്ധിച്ചു. ആഗോള സാമ്പത്തിക പ്രവണതകൾ, അന്താരാഷ്ട്ര നിക്ഷേപത്തിന്റെ ഭാവി തുടങ്ങിയവ ചർച്ച ചെയ്യുകയും വിവിധ മേഖലകളിൽ ധാരണ പത്രങ്ങളും കരാറുകളും ഒപ്പുവെക്കുകയും ചെയ്തു. ഇത് രാജ്യത്തിന്‍റെ സമ്പത് വ്യവസ്ഥയിലും നിക്ഷേപത്തിലുമുള്ള ആത്മവിശ്വാസം സ്ഥിരീകരിക്കുന്നതാണെന്നും രാജ്യത്തിെൻറ ശക്തിയും ദേശീയ അന്തർദേശിയ തലത്തിലുള്ള സ്ഥാനവും പ്രതിഫലിപ്പിക്കുന്നതാണെന്നും മന്ത്രി സഭ വിലയിരുത്തി.