LiveTV

Live

Gulf

‘മഹാ’ ചുഴലിക്കാറ്റിന്‍റെ നേരിട്ടല്ലാത്ത ആഘാതം; ബുധനാഴ്ച ഒമാനിൽ മഴക്ക് സാധ്യത

മസീറ ദ്വീപിൽ നിന്ന് 620 കിലോമീറ്റർ അകലെയാണ് കാറ്റിന്‍റെ സ്ഥാനം.

‘മഹാ’ ചുഴലിക്കാറ്റിന്‍റെ നേരിട്ടല്ലാത്ത ആഘാതം; ബുധനാഴ്ച ഒമാനിൽ മഴക്ക് സാധ്യത

മഹാ ചുഴലികൊടുങ്കാറ്റിന്‍റെ നേരിട്ടല്ലാത്ത ആഘാത ഫലമായി ബുധനാഴ്ച ഒമാനിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 'മഹാ' കാറ്റഗറി രണ്ടിലേക്കുള്ള ചുഴലികൊടുങ്കാറ്റായി ഉയർന്നതായും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. കാറ്റിന്‍റെ കേന്ദ്രഭാഗത്തിന് മണിക്കൂറിൽ 175 കിലോമീറ്റർ വരെയാണ് വേഗത.

അൽ വുസ്ത, തെക്കൻ ശർഖിയ തീരങ്ങളിലാണ് മഴക്ക് സാധ്യത. ബുധനാഴ്ച വരെ കടലും പ്രക്ഷുബ്ധമായിരിക്കും. അറബിക്കടലിൽ മൂന്ന് മീറ്റർ മുതൽ നാല് മീറ്റർ വരെ ഉയരത്തിലും ഒമാൻ കടലിൽ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിലും തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലേക്ക് കടൽ കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ഒമാനിലെ മസീറ ദ്വീപിൽ നിന്ന് 620 കിലോമീറ്റർ അകലെയാണ് കാറ്റിന്‍റെ സ്ഥാനം. തിങ്കളാഴ്ച രാത്രിയോടെ 'മഹാ' കൂടുതൽ ശക്തിയാർജിക്കും. ഇറാൻ തീരത്ത് നിന്നുള്ള ന്യൂനമർദ പാത്തിയുടെ ഫലമായി ചൊവ്വാഴ്ച ഇന്ത്യൻ തീരത്തേക്ക് തന്നെ ദിശമാറാനാണ് സാധ്യത. ദിശമാറിയ ശേഷം ഇന്ത്യൻ തീരത്തേക്കുള്ള യാത്രയിൽ കാറ്റ് ദുർബലമാവുകയും ചെയ്യുമെന്ന് ഒമാൻ കാലാവസ്ഥാ കേന്ദ്രം വക്താവ് അറിയിച്ചു.'മഹാ' ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച രാവിലെയോ ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷകരും അഭിപ്രായപ്പെട്ടു.