LiveTV

Live

Gulf

സൗദി - കുവൈത്ത് അതിർത്തിയില്‍ എണ്ണയുൽപ്പാദനം പുനരാരംഭിക്കാൻ ധാരണ

കുവൈത്ത് പാർലിമെന്റിൽ സ്പീക്കർ മർസൂഖ് അൽ ഗാനിമാണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്

സൗദി - കുവൈത്ത് അതിർത്തിയില്‍ എണ്ണയുൽപ്പാദനം പുനരാരംഭിക്കാൻ ധാരണ

സൗദി - കുവൈത്ത് അതിർത്തിയിലെ ന്യൂട്രൽ സോണിൽ എണ്ണയുൽപ്പാദനം പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. ഈ മേഖലയിലെ എണ്ണപ്പാടങ്ങളിൽ നിന്നുള്ള ഉൽപ്പാദനം കഴിഞ്ഞ നാല് വർഷങ്ങളായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നും പ്രതിദിനം അഞ്ചു ലക്ഷം ബാരൽ വരെ എണ്ണ ഉൽപ്പാദിപ്പിക്കാൻ സാധിക്കും.

കുവൈത്ത് പാർലിമെന്റിൽ സ്പീക്കർ മർസൂഖ് അൽ ഗാനിമാണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. സൗദിക്കും കുവൈത്തിനും തുല്യ പങ്കാളിത്തമുള്ള ന്യൂട്രൽ സോണിലെ എണ്ണപ്പാടങ്ങളിൽ നിന്നുള്ള ഉൽപ്പാദനം നാല് വർഷങ്ങൾക്കു മുമ്പ് നിറുത്തിവെച്ചിരുന്നു. ഉൽപ്പാദനം പുനരാരംഭിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ നിരന്തര ചർച്ചകളുടെ ഫലമായാണ് പുതിയ തീരുമാനം. എണ്ണയുൽപ്പാദനം പുനരാരംഭിക്കാൻ തീരുമാനമായെങ്കിലും ഇതുസംബന്ധിച്ച്‌ ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ അന്തിമ കരാർ തയ്യാറാക്കേണ്ടതുണ്ട്. അതിനു ഇനിയും 30 മുതൽ 45 വരെ ദിവസങ്ങളെടുത്തേക്കും. ന്യൂട്രൽ സോണിലുൾപ്പെടുന്ന ഖഫ്ജി, അൽ വഫ്‌റ എന്നീ പ്രദേശങ്ങളിലാണ് എണ്ണ ഉൽപ്പാദനം നടക്കുന്നത്. ഇവയിൽ ഖഫ്ജിയിൽ നിന്നുള്ള ഉൽപ്പാദനം ഉടനെ ആരംഭിക്കാൻ സാധിക്കും. എന്നാൽ അൽ വഫ്‌റയിൽ നിന്നുള്ള ഉൽപ്പാദനത്തിന് മൂന്ന് മുതൽ ആറ് വരെ മാസങ്ങൾ കാത്തിരിക്കേണ്ടി വരും. ഇരു കേന്ദ്രങ്ങളിൽ നിന്നും പൂർണമായ ഉൽപ്പാദനം ആരംഭിച്ചാൽ പ്രതിദിനം അഞ്ച് ലക്ഷം ബാരൽ വരെ എണ്ണ വിപണിയിൽ എത്തിക്കാൻ കഴിയുമെന്നാണ് കണക്ക്. ഇത് ലോകത്തുള്ള മൊത്തം എണ്ണ ഉൽപ്പാദനത്തിന്റെ 0.5 ശതമാനം വരും.